തെൽ അവീവ്/അബുദാബി: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) അതീവ രഹസ്യ സന്ദർശനം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ ഇതൊരു ചരിത്രപരമായ മുന്നേറ്റമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മാർച്ച് 26-ന് ഒമാൻ അതിർത്തിയോട് ചേർന്നുള്ള അൽ ഐൻ (Al Ain) നഗരത്തിൽ വെച്ച് ഇരുനേതാക്കളും മണിക്കൂറുകളോളം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.യുദ്ധകാലത്ത് സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബാർണിയ കുറഞ്ഞത് രണ്ട് തവണയെങ്കിലും യുഎഇ സന്ദർശിച്ചതായും സൂചനയുണ്ട്.
ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോം (Iron Dome) ബാറ്ററികളും അവ പ്രവർത്തിപ്പിക്കാനുള്ള വിദഗ്ധരെയും യുഎഇയിലേക്ക് അയച്ചതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീ വെളിപ്പെടുത്തി.
യുഎഇയുടെ നിഷേധം: നെതന്യാഹുവിന്റെ സന്ദർശനത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഇത്തരം രഹസ്യ സന്ദർശനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ യുഎഇ തള്ളിക്കളയുകയാണ്.
ഇറാൻ തങ്ങളുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ആക്രമിച്ചതിന് പകരമായി ഏപ്രിൽ ആദ്യം ലവൻ (Lavan) ദ്വീപിലെ റിഫൈനറിക്ക് നേരെ യുഎഇ രഹസ്യമായി ആക്രമണം നടത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.സൗദി അറേബ്യയും ഇറാനിലെയും ഇറാഖിലെയും ഇറാൻ അനുകൂല കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ചരിത്രത്തിലാദ്യമായാണ് റിയാദ് ഇറാൻ മണ്ണിൽ നേരിട്ട് ആക്രമണം നടത്തുന്നത്.
അടുത്തിടെ യുഎഇ സൗദി നേതൃത്വത്തിലുള്ള എണ്ണ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്ന് പുറത്തുപോയിരുന്നു. ഇത് ആഗോള വിപണിയിൽ വലിയ ചർച്ചയാവുകയും ചെയ്തു.
ഗസയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. കൂടാതെ സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളിൽ ആർഎസ്എഫ് (RSF) ഗ്രൂപ്പിന് യുഎഇ ആയുധ സഹായം നൽകുന്നു എന്ന ആരോപണവും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്

