കാൻബറ: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ ആദ്യ ബജറ്റ് മറുപടി പ്രസംഗത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങളുമായി ആഗസ് ടെയ്‌ലർ. 2028-29 സാമ്പത്തിക വർഷം മുതൽ ഓസ്‌ട്രേലിയയിലെ നികുതി സ്ലാബുകളെ പണപ്പെരുപ്പവുമായി (Inflation) ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 22.5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ നീക്കം ‘ബ്രാക്കറ്റ് ക്രീപ്പ്’ (Bracket Creep) എന്ന പ്രതിഭാസത്തെ ചെറുക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന പ്രഖ്യാപനങ്ങൾ
1,35,000 ഡോളറിന് താഴെ വരുമാനമുള്ളവർക്കുള്ള ആദ്യ രണ്ട് നികുതി സ്ലാബുകളുടെ ഇൻഡെക്സേഷൻ 2028-29 മുതൽ ആരംഭിക്കും. ഇതുവഴി 85% തൊഴിലാളികൾക്കും നാല് വർഷത്തിനുള്ളിൽ ഏകദേശം 1,000 ഡോളർ വീതം ലാഭിക്കാനാകുമെന്ന് ടെയ്‌ലർ അവകാശപ്പെടുന്നു. ഉയർന്ന രണ്ട് സ്ലാബുകൾ 2031-32 മുതൽ പരിഷ്കരിക്കും.
വിഭവ വിലയിലുണ്ടാകുന്ന ലാഭത്തിന്റെ 80 ശതമാനവും കടം വീട്ടുന്നതിനും ഇൻഫ്രാസ്ട്രക്ചറിനുമായി പുതിയൊരു ഫണ്ടിലേക്ക് മാറ്റും. ഇതിന്റെ 25 ശതമാനം ഗ്രാമീണ മേഖലകൾക്കായി നീക്കിവെക്കും. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം പ്രതിരോധ ചെലവ് ജിഡിപിയുടെ 3 ശതമാനമായി ഉയർത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.ചെറുകിട ബിസിനസുകൾക്കുള്ള ഇൻസ്റ്റന്റ് അസറ്റ് റൈറ്റ് ഓഫ് (Instant asset write off) പരിധി 20,000 ഡോളറിൽ നിന്ന് 50,000 ഡോളറായി സ്ഥിരമായി ഉയർത്തും.
കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണവുമായി നേരിട്ട് ബന്ധിപ്പിക്കും. വീടുകളുടെ ലഭ്യതയനുസരിച്ചാകും വിദേശത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കുക.ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമേ ഇനിമുതൽ വെൽഫെയർ പേയ്‌മെന്റുകൾക്ക് (Jobseeker, Age pension, NDIS തുടങ്ങിയവ) അർഹതയുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
“ഇതൊരു തലമുറ മാറ്റത്തിനുള്ള നികുതി പരിഷ്കാരമാണ്,” എന്ന് വിശേഷിപ്പിച്ച ടെയ്‌ലർ, നികുതി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സർക്കാരും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം കാണിക്കണമെന്നും പാർലമെന്റിൽ പറഞ്ഞു. കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ടെയ്‌ലറുടെ നിലപാടുകളെ റെഫ്യൂജി കൗൺസിൽ രൂക്ഷമായി വിമർശിച്ചു

