സ്വർണ്ണ ഇറക്കുമതിക്ക് നിയന്ത്രണം; പുതിയ നിബന്ധനകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വർണ്ണാഭരണ കയറ്റുമതിക്കാർക്ക് നൽകുന്ന അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിന് (Advance Authorisation Scheme) കീഴിലുള്ള സ്വർണ്ണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഒരു ലൈസൻസിന് പരമാവധി 100 കിലോ സ്വർണ്ണം മാത്രമേ ഇറക്കുമതി ചെയ്യാൻ സാധിക്കൂ. ആഭ്യന്തര വിപണിയിലേക്കുള്ള സ്വർണ്ണത്തിന്റെ വകമാറ്റൽ തടയുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

കയറ്റുമതിക്കാർക്ക് അസംസ്‌കൃത വസ്തുക്കൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. നിലവിൽ ഇതിന് പരിധി നിശ്ചയിച്ചിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം, ആദ്യമായി അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ ഡി.ജി.എഫ്.ടി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കും. സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമതയും ശേഷിയും ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അനുമതി നൽകൂ.

കൂടാതെ, രണ്ടാമത് ലൈസൻസിനായി അപേക്ഷിക്കുമ്പോൾ മുൻപത്തെ കയറ്റുമതി ലക്ഷ്യത്തിന്റെ (Export Obligation) കുറഞ്ഞത് 50 ശതമാനമെങ്കിലും പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി സർക്കാർ ഉയർത്തിയതിന് പിന്നാലെയാണ് ഈ പുതിയ നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇറക്കുമതിയുടെയും കയറ്റുമതിയുടെയും റിപ്പോർട്ടുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *