ജനകീയ പ്രതിഷേധം ശക്തം; പെർത്തിൽ വിവാദ ഡാറ്റാ സെന്റർ പദ്ധതിയിൽ നിന്നും നിർമ്മാതാക്കൾ പിന്മാറി

പെർത്ത്: പൈതൃക കേന്ദ്രങ്ങളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഉയർന്ന ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന്, പെർത്തിന് സമീപം ഹേസൽമിയറിൽ (Hazelmere) സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന വൻകിട ഡാറ്റാ സെന്റർ പദ്ധതി ഉപേക്ഷിച്ചു. 120 മെഗാവാട്ട് ശേഷിയുള്ള ‘ഗ്രീൻ സ്ക്വയർ’ (GreenSquare) ഡാറ്റാ സെന്റർ നിർമ്മാണത്തിനുള്ള അപേക്ഷ നിർമ്മാതാക്കൾ ഔദ്യോഗികമായി പിൻവലിച്ചു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകൾക്കായി വിഭാവനം ചെയ്ത മൂന്നുനില കെട്ടിട സമുച്ചയമായിരുന്നു ഇത്.

സിറ്റി ഓഫ് സ്വാൻ കൗൺസിലിന് മുൻപാകെ എത്തിയ ഈ പദ്ധതി നിർദ്ദേശത്തിനെതിരെ റെക്കോർഡ് പ്രതിഷേധമാണ് ഉയർന്നത്. ഏകദേശം 1,900 പൊതുജന പരാതികളാണ് കൗൺസിലിന് ലഭിച്ചത്. വൈദ്യുതി തടസ്സമുണ്ടാകുന്ന സാഹചര്യത്തിൽ ഡാറ്റാ സെന്റർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസൽ ജനറേറ്ററുകൾ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം അനുവദനീയമായ പരിധി ലംഘിക്കുമെന്ന് കൗൺസിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സമീപത്തെ സ്കൂളിനും താമസക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കൗൺസിൽ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് അപേക്ഷ പിൻവലിക്കാനുള്ള തീരുമാനം.

അപൂർവ്വമായുണ്ടാകുന്ന വൈദ്യുതി തടസ്സങ്ങളിൽ മാത്രമാണ് ജനറേറ്ററുകൾ ഉപയോഗിക്കുകയെന്നും അതിനാൽ ശബ്ദമലിനീകരണ പ്രശ്നം താൽക്കാലികം മാത്രമാണെന്നും ഗ്രീൻ സ്ക്വയർ ചീഫ് എക്സിക്യൂട്ടീവ് ചാൾസ് പെന്നി വാദിച്ചെങ്കിലും കൗൺസിൽ ഇത് അംഗീകരിച്ചില്ല. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ തീരുമാനം തിരിച്ചടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ, ആദിവാസി പൈതൃക കേന്ദ്രങ്ങൾക്ക് സമീപവും തണ്ണീർത്തടങ്ങൾക്കും സ്കൂളുകൾക്കും തൊട്ടടുത്ത് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിബുൾ നഗർമ അബോറിജിനൽ അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാൻസെസ്ക ഫ്ലിൻ പറഞ്ഞു. പുഴയോരങ്ങളും പൈതൃക കേന്ദ്രങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ ഒത്തൊരുമിച്ച് നടത്തിയ പോരാട്ടത്തിന്റെ വിജയമാണിതെന്ന് അവർ കൂട്ടിചേർത്തു. ഫെഡറൽ എം.പി ടാനിയ ലോറൻസും തീരുമാനത്തെ സ്വാഗതം ചെയ്തു. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമായെന്നും അവരുടെ ശബ്ദം കേൾക്കാൻ അധികൃതർ തയ്യാറായതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *