മനില: ഫിലിപ്പീൻസിൽ വൻ രാഷ്ട്രീയ നാടകീയതയ്ക്കൊടുവിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ സെനറ്ററും മുൻ പോലീസ് മേധാവിയുമായ റൊണാൾഡ് ഡെല റോസ സെനറ്റ് മന്ദിരത്തിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെട്ടു. സുരക്ഷാ ഏജന്റുമാരുമായുള്ള ചേസിംഗിനും നാടകീയമായ വെടിവെയ്പ്പിനും ശേഷമാണ് അതീവ സുരക്ഷയുള്ള പാർലമെന്റ് കെട്ടിടത്തിൽ നിന്നും ഡെല റോസ അർദ്ധരാത്രിയിൽ അപ്രത്യക്ഷനായത്. പ്രതിയെ പിടികൂടാൻ കഴിയാത്തത് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയറിന്റെ സർക്കാരിന്റെ പരാജയമാണെന്ന രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെർട്ടെയുടെ കാലത്ത് പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട വിവാദമായ ‘ലഹരി വിരുദ്ധ യുദ്ധത്തിന്റെ’ (War on Drugs) പ്രധാന സൂത്രധാരനും നടപ്പാപ്പുകാരനുമായിരുന്നു ഡെല റോസ. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി ഐസിസി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് മാസങ്ങളായി ഒളിവിലായിരുന്നു. എന്നാൽ തിങ്കളാഴ്ച സെനറ്റിൽ നടന്ന നിർണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡുറ്റെർട്ടെ അനുകൂലിയായ അലൻ പീറ്റർ കയറ്റാനോയെ പിന്തുണയ്ക്കാൻ ഇയാൾ അപ്രതീക്ഷിതമായി എത്തിയതോടെയാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്. പാർലമെന്റ് ഇടനാഴികളിലൂടെയും ഗോവണികളിലൂടെയും സുരക്ഷാ ഉദ്യോഗസ്ഥരെ ഓടിച്ചുതോൽപ്പിച്ച ഡെല റോസയ്ക്ക്, പുതിയ സെനറ്റ് പ്രസിഡന്റ് രാഷ്ട്രീയ സംരക്ഷണം അനുവദിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് ദിവസത്തോളം സെനറ്റ് മന്ദിരത്തിനുള്ളിൽ കഴിഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും ഡെല റോസ ജനപിന്തുണ ഉറപ്പാക്കാൻ ശ്രമിച്ചു. ബുധനാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നതോടെ കെട്ടിടത്തിന് പുറത്ത് വൻ പ്രതിഷേധമുയർന്നു. ഇതിനിടയിൽ ഉദ്യോഗസ്ഥരും സെനറ്റ് സുരക്ഷാ വിഭാഗവും തമ്മിൽ വെടിവെയ്പ്പുണ്ടായ പരിഭ്രാന്തിക്കിടയിലാണ്, ബാത്ത്റൂമിൽ പോകുകയാണെന്ന് ബോഡിഗാർഡുകളോട് പറഞ്ഞ് ഡെല റോസ ഫയർ എക്സിറ്റ് വഴി മറ്റൊരു സെനറ്ററുടെ എസ്‌യുവി (SUV) കാറിൽ രക്ഷപ്പെട്ടത്. ഈ വെടിവെയ്പ്പ് ഡെല റോസയ്ക്ക് രക്ഷപ്പെടാൻ വേണ്ടി മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്. മുൻപ് മുൻ പ്രസിഡന്റ് ഡുറ്റെർട്ടെയെ അറസ്റ്റ് ചെയ്ത് ഹേഗിലെ ഐസിസി തടവറയിലേക്ക് മാറ്റിയപ്പോൾ മാർക്കോസ് സർക്കാരിന്റെ ജനപ്രീതി ഇടിഞ്ഞിരുന്നു. നിലവിൽ വൈസ് പ്രസിഡന്റും ഡുറ്റെർട്ടെയുടെ മകളുമായ സാറ ഡുറ്റെർട്ടെയുമായി മാർക്കോസ് സർക്കാർ കടുത്ത രാഷ്ട്രീയ യുദ്ധത്തിലാണ്. ഈ സാഹചര്യത്തിൽ ഡെല റോസയുടെ നാടകീയമായ രക്ഷപ്പെടൽ മാർക്കോസ് സർക്കാർ തികച്ചും ദുർബലവും അപ്രാപ്തവുമാണെന്ന് വരുത്തിത്തീർക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ ഡെല റോസ എവിടെയാണെന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല

