നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബോട്ടണി, കെമിസ്ട്രി അധ്യാപകർ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ പൂനെയിൽ നിന്നുള്ള ബോട്ടണി, കെമിസ്ട്രി അധ്യാപകരെ സിബിഐ അറസ്റ്റ് ചെയ്തു. ദേശീയ പരീക്ഷ ഏജൻസിയായ എൻ ടി എയുടെ പരീക്ഷാ നടപടികളിൽ പങ്കാളികളായിരുന്ന അധ്യാപകരാണ് അറസ്റ്റിലായത്.
ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ദാരെയെ സിബിഐ “മറ്റൊരു മുഖ്യസൂത്രധാരി”യായാണ് വിശേഷിപ്പിച്ചത്. എൻടിഎ നിയമിച്ച വിദഗ്ധയായിരുന്ന ഇവർക്ക് ബോട്ടണി, സുവോളജി ചോദ്യപേപ്പറുകളിലേക്ക് പൂർണ പ്രവേശനമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പരീക്ഷയ്ക്ക് മുൻപ് സ്വന്തം വീട്ടിൽ നടത്തിയ പ്രത്യേക ക്ലാസുകളിൽ വിദ്യാർഥികൾക്ക് ചോദ്യങ്ങൾ പറഞ്ഞുനൽകിയതായും അവയിൽ പലതും യഥാർത്ഥ പരീക്ഷയിൽ വന്നതായും സിബിഐ കണ്ടെത്തി.
ഇതിന് മുൻപ് കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് കെമിസ്ട്രി ചോദ്യപേപ്പർ ചോർച്ചയുടെ പ്രധാന ആസൂത്രകനെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പരീക്ഷയ്ക്ക് മുൻപ് പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിച്ച് വിദ്യാർഥികൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളിൽ സിബിഐ റെയ്ഡുകൾ നടത്തി ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പിടിച്ചെടുത്തു. ഇതുവരെ ഒൻപത് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മെയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. 22 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം.

