“ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാൻ താൽപര്യമില്ല”; മലയാളികളെ കുറിച്ചുള്ള പരാമർശവുമായി സുപ്രീം കോടതി

കേരളത്തിലെ കോടതികളിൽ ഭാഷാപ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. വിവാഹമോചനവും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് കേരളത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് മാറ്റിക്കൊണ്ടാണ് കോടതിയുടെ പരാമർശം.

ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കേസ് പരിഗണിച്ചത്. കേരളത്തിലെ കോടതികളിൽ നടക്കുന്ന നടപടികൾ മനസ്സിലാക്കാനും കാര്യക്ഷമമായി പങ്കാളിയാകാനും ഭാഷാപ്രശ്നം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ഹർജിക്കാരിയുടെ വാദം. ഇതിനിടെ ഭർത്താവിന്റെ അഭിഭാഷകൻ “കേരളത്തിൽ എല്ലാവർക്കും ഇംഗ്ലീഷ് അറിയാം” എന്ന് കോടതിയെ അറിയിച്ചതോടെയാണ് ബെഞ്ചിന്റെ പരാമർശം. ഇതിന് മറുപടിയായി ജസ്റ്റിസ് സന്ദീപ് മേത്ത, “അവിടെ അത്ര എളുപ്പമല്ല. ഇംഗ്ലീഷ് അറിയാമെങ്കിലും അവർ അത് സംസാരിക്കാൻ ആഗ്രഹിക്കാറില്ല” എന്ന് അഭിപ്രായപ്പെട്ടു. ഭാഷാ സൗകര്യം സ്വാഭാവികമായി കരുതാനാകില്ലെന്നും, വിചാരണയിൽ കക്ഷികൾക്ക് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയണം എന്നതും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീതിയിലേക്കുള്ള സമാന പ്രവേശനം ഉറപ്പാക്കുന്നതിൽ ഭാഷാ സൗകര്യത്തിനും പ്രധാന്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *