റിയാദ്: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിൽ തന്റെ ആദ്യ കിരീടം സ്വന്തമാക്കി. റൊണാൾഡോയുടെ ഇരട്ടഗോളിന്റെ മികവിൽ അൽ നസ്ർ ദമാക്കിനെ 4-1ന് പരാജയപ്പെടുത്തി ലീഗ് കിരീടം ഉറപ്പിക്കുകയായിരുന്നു.
2022ൽ ക്ലബ്ബിൽ ചേർന്നതിന് ശേഷമുള്ള റൊണാൾഡോയുടെ ആദ്യ സൗദി ലീഗ് കിരീടമാണിത്. 2019ന് ശേഷം അൽ നസ്റ് നേടുന്ന ആദ്യ ലീഗ് ട്രോഫിയുമാണ് ഈ വിജയം. നിർണായക മത്സരത്തിൽ സാഡിയോ മാനെയും കിംഗ്സ്ലി കോമാനും ഓരോ ഗോൾ വീതം നേടിയപ്പോൾ റൊണാൾഡോ രണ്ട് തവണ ലക്ഷ്യം കണ്ടു. വിജയത്തോടെ അൽ നസ്റ് 86 പോയിന്റുമായി ലീഗിൽ ഒന്നാമതെത്തി. പ്രധാന എതിരാളികളായ അൽ ഹിലാൽ സ്വന്തം മത്സരം ജയിച്ചെങ്കിലും കിരീടം നഷ്ടമായി.
മത്സരശേഷം വികാരാധീനനായ റൊണാൾഡോ കണ്ണീരോടെ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. തന്റെ കരിയറിലെ 36-ാമത്തെ കിരീടമാണ് ഈ നേട്ടം.

