ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ദേശീയ തലസ്ഥാനത്ത് എത്തിയ വി.ഡി. സതീശന് ഡൽഹിയിൽ ഉജ്ജ്വല സ്വീകരണം നൽകി. വെള്ളിയാഴ്ച ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാർ, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ കിഷോർ കുമാർ, സെക്യൂരിറ്റി ഓഫീസർ അജിത്ത് കുമാർ എന്നിവർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
ഡൽഹിയിലെ കേരള ഹൗസ് അങ്കണത്തിൽ എത്തിച്ചേർന്ന മുഖ്യമന്ത്രിക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഹൈബി ഈഡൻ എം.പി, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളും കേരള ഹൗസ് ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിനും ആശംസകൾ നേരുന്നതിനുമായി ഡൽഹിയിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികളും ഡൽഹിയിലെ പ്രമുഖ സർവ്വകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു ജനസഞ്ചയം അർദ്ധരാത്രിയിലും കേരള ഹൗസ് അങ്കണത്തിൽ കാത്തുനിന്നിരുന്നു. പുതിയ മുഖ്യമന്ത്രിക്ക് ഡൽഹിയിലെ മലയാളി സമൂഹം ഹൃദ്യമായ രീതിയിലാണ് വരവേൽപ്പ് ഒരുക്കിയത്.

