ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; ജൂൺ മുതൽ സംസ്ഥാനവ്യാപക പ്രത്യേക നിരീക്ഷണം

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കേരള സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ: ദ് നാർക്കോ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപക പ്രത്യേക ക്യാംപയിൻ ആരംഭിക്കുന്നു. സ്കൂളുകൾ തുറക്കുന്ന ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയുടെ ലക്ഷ്യം ലഹരി വിതരണ ശൃംഖലകളെ തകർക്കുകയും കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുകയുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

സംസ്ഥാനത്തെ ലഹരി മാഫിയ, പ്രത്യേകിച്ച് കെമിക്കൽ, സിന്തറ്റിക് മയക്കുമരുന്ന് വിതരണ ശൃംഖലകൾ, ഹൈബ്രിഡ് കഞ്ചാവ് സംഘങ്ങൾ എന്നിവയ്‌ക്കെതിരെ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളാണ് പദ്ധതിയുടെ ഭാഗമായി സ്വീകരിക്കുക. ലഹരി ഉപയോഗിക്കുന്നവരും വിൽക്കുന്നവരും പ്രചരിപ്പിക്കുന്നവരും വിതരണ ശൃംഖലയിൽ ഉൾപ്പെട്ടവരും പൊലീസ് നിരീക്ഷണത്തിലാകുമെന്നും സർക്കാർ വ്യക്തമാക്കി.

അന്തർസംസ്ഥാന ലഹരി മാഫിയകളെ തകർക്കുന്നതിനായി കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി സഹകരിച്ച് പ്രവർത്തിക്കും. സംസ്ഥാനത്തേക്ക് സിന്തറ്റിക് ലഹരിമരുന്നുകളും മറ്റ് മയക്കുമരുന്നുകളും കടത്തുന്നത് തടയാൻ പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

സ്കൂൾ പരിസരങ്ങളിലെ പുകയില-ലഹരി വിൽപ്പന, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ, കായൽ-കടൽ മേഖലകളിലെ സ്വകാര്യ ആഘോഷങ്ങൾ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട ലഹരി പ്രവർത്തനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ (SPC) ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ അംബാസഡർമാരായി പ്രവർത്തിപ്പിക്കുമെന്നും യുവതലമുറ ലഹരിയുടെ ഇരകളാകാതിരിക്കാൻ അവരെ ബോധവത്കരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ലഹരിവിരുദ്ധ നടപടികൾക്കൊപ്പം പൊലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള പരിഷ്കാരങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകൾ പൊതുസേവന കേന്ദ്രങ്ങളാക്കി മാറ്റുക, സ്റ്റേഷനിലെത്തുന്നവരെ സൗഹൃദപരമായി സ്വീകരിക്കുക, വർഷങ്ങളായി കിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്ത് നീക്കുക തുടങ്ങിയ നടപടികളും നടപ്പാക്കും. സംസ്ഥാനത്തെ ലഹരി പ്രശ്നം ഗുരുതര ഭീഷണിയായി മാറുകയാണെന്നും അതിനെതിരെ “സീറോ ടോളറൻസ്” സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *