കോതമംഗലം: അന്തരിച്ച മുൻ മന്ത്രി ടി.യു കുരുവിളയ്ക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ അന്തിമോപചാരം അർപ്പിച്ചു. കോതമംഗലത്തെ ചേലാട്ടിലുള്ള വസതിയിൽ വൈകിട്ട് എട്ട് മണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ച അദ്ദേഹം കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, ഷിബു തെക്കുംപുറം എം.എൽ.എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും വസതിയിലെത്തി മുൻ മന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരുൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അന്തരിച്ച നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിച്ചേർന്നു.

