ഡല്‍ഹി മാളവ്യ നഗറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം: 21 പേര്‍ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഒരു ഹോട്ടലില്‍ ഇന്ന് രാവിലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 21 പേര്‍ മരണപ്പെടുകയും നാല്‍പ്പതോളം പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ന് രാവിലെ 8.48 ഓടെയാണ് മാളവ്യ നഗറിലെ ഫ്ലൊറിഷ് സ്റ്റേ ബി ആന്‍ഡ് ബി (Flourish Stay B&B) ഹോട്ടലില്‍ തീപിടിത്തമുണ്ടായതെന്ന് സൗത്ത് ഡല്‍ഹി ഡി.സി.പി അനന്ത് മിത്തല്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ എട്ട് ഫയര്‍ ടെണ്ടറുകള്‍ സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്. പെട്ടെന്ന് ആളിപ്പടര്‍ന്ന തീയില്‍ നിന്നും ജനലുകള്‍ തകര്‍ത്തും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലീസും ഫയര്‍ഫോഴ്സും മറ്റ് അടിയന്തര രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സംയുക്തമായാണ് പുറത്തെത്തിച്ചത്.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (PMNRF) നിന്നും രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും പിന്തുണയും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *