മെൽബൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി കൈവരിക്കുന്ന ഉൽപ്പാദനക്ഷമതയുടെ നേട്ടങ്ങൾ വൻകിട കമ്പനികൾ മാത്രം കൈക്കലാക്കാതെ തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നും, ഇതിനായി ആഴ്ചയിൽ മൂന്ന് പ്രവൃത്തിദിനം എന്ന രീതിയിലേക്ക് മാറണമെന്നും പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് സാലി മക്മാനസ് ആവശ്യപ്പെട്ടു. എഐ സാങ്കേതികവിദ്യ കോർപ്പറേറ്റ് ലാഭം വർദ്ധിപ്പിക്കാൻ മാത്രമല്ല, ജോലികൾ കൂടുതൽ രസകരമാക്കാനും തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താനും ഉപയോഗിക്കണമെന്ന് അവർ വ്യക്തമാക്കി.
എഐ നടപ്പിലാക്കുന്നതിന് മുൻപ് കമ്പനികൾ നിർബന്ധമായും തൊഴിലാളികളുമായി ചർച്ച നടത്തണം. ഭാവിയിലെ തൊഴിൽ നൈപുണ്യത്തെയും കരിയറിനെയും ബാധിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ നിയമപരമായി തന്നെ ഇത്തരമൊരു കൂടിയാലോചന ആവശ്യമാണെന്ന് മക്മാനസ് ഓർമ്മിപ്പിച്ചു. ഓസ്‌ട്രേലിയൻ ടെക്നോളജി അസിസ്റ്റന്റ് മിനിസ്റ്റർ ആൻഡ്രൂ ചാർട്ടണും സമാനമായ ആശങ്ക പങ്കുവെച്ചു. എഐയുടെ ഗുണഫലങ്ങൾ വിദേശത്തുള്ള ചുരുക്കം ചില വൻകിട കമ്പനികളിലേക്ക് ഒഴുകുമ്പോൾ, അതിന്റെ ആഘാതം തൊഴിൽ നഷ്ടമായും സ്വകാര്യത ലംഘനമായും പ്രാദേശികമായി അനുഭവപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മെൽബൺ സർവ്വകലാശാലയും കെപിഎംജിയും ചേർന്ന് 47 രാജ്യങ്ങളിലായി നടത്തിയ സർവ്വേയിൽ, വെറും 30 ശതമാനം ഓസ്‌ട്രേലിയക്കാർ മാത്രമാണ് എഐയുടെ ഗുണങ്ങൾ ദോഷങ്ങളേക്കാൾ കൂടുതലാണെന്ന് വിശ്വസിക്കുന്നത്. ഈ ആശങ്ക ശരിവെക്കുന്ന തരത്തിലാണ് തൊഴിൽ വിപണിയിലെ മാറ്റങ്ങൾ. യുഎസിലെ ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട് പ്രകാരം 2045-ഓടെ പകുതിയോളം ജോലികൾ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയേക്കാം.
ഓസ്‌ട്രേലിയയിലും ഇതിന്റെ ആഘാതം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ അറ്റ്‌ലാസിയൻ (Atlassian) ഭീമൻ മൈക്ക് കാനൻ-ബ്രൂക്സ് 1,600-ലധികം ജോലികൾ വെട്ടിക്കുറച്ചപ്പോൾ എഐ ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാണിച്ചിരുന്നു. ലോജിസ്റ്റിക് സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖരായ വൈസ്‌ടെക് ഗ്ലോബൽ (WiseTech Global), എഐ അധിഷ്ഠിത പുനഃക്രമീകരണത്തിന്റെ ഭാഗമായി തങ്ങളുടെ മൂന്നിലൊന്ന് തൊഴിലാളികളെ (ഏകദേശം 2,000 പേർ) രണ്ട് വർഷത്തിനുള്ളിൽ പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്. വൻകിട കമ്പനികൾ എഐയിൽ കോടികൾ നിക്ഷേപിക്കുമ്പോൾ സാധാരണക്കാരായ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു എന്ന ചർച്ചകൾക്ക് ഈ വെളിപ്പെടുത്തലുകൾ ആക്കം കൂട്ടുന്നു.

