സിഡ്നി: മെഡിക്കൽ കഞ്ചാവ് നിയമപരമായി ഉപയോഗിക്കുന്ന രോഗികൾക്ക് കനത്ത ശിക്ഷാനടപടികളില്ലാതെ ന്യൂ സൗത്ത് വെയ്‌ൽസിലെ റോഡുകളിൽ വാഹനമോടിക്കാൻ അനുമതി നൽകുന്ന സുപ്രധാന നിയമപരിഷ്കാരവുമായി ക്രിസ് മിൻസ് സർക്കാർ മുന്നോട്ട്. പുതിയ ബിൽ പ്രകാരം, അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുള്ള രോഗികളുടെ ശരീരത്തിൽ കഞ്ചാവിന്റെ ഘടകമായ ടി.എച്ച്.സി കണ്ടെത്തിയാൽ നേരിടേണ്ടി വന്നിരുന്ന മൂന്ന് മാസത്തെ നിർബന്ധിത ലൈസൻസ് സസ്പെൻഷനും കനത്ത പിഴയും ഒഴിവാകും.
ഫുൾ ലൈസൻസുള്ള ഡ്രൈവർമാർക്ക് നിശ്ചിത പരിധി വരെ ടി.എച്ച്.സി ശരീരത്തിലുണ്ടായാലും വാഹനമോടിക്കാൻ പുതിയ സംവിധാനം അനുവാദം നൽകുന്നുണ്ട്. ഇതിനായി രോഗികൾ തങ്ങൾക്ക് മെഡിക്കൽ കഞ്ചാവ് കുറിപ്പടിയുണ്ടെന്ന വിവരം ട്രാൻസ്പോർട്ട് എൻ.എസ്.ഡബ്ല്യുവിൽ രജിസ്റ്റർ ചെയ്യണം. റോഡരികിലെ പരിശോധനയിൽ പോസിറ്റീവ് ഫലം കാണിച്ചാൽ, ലാബ് പരിശോധനാ ഫലം വരുന്നത് വരെ ഈ ഡ്രൈവർമാർക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് നേരിടേണ്ടി വരും. ലാബ് പരിശോധനയിൽ ടി.എച്ച്.സി അളവ് അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയാൽ, ആദ്യത്തെയും രണ്ടാമത്തെയും തവണയും അവർക്ക് അളവ് ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് മാത്രമേ നൽകൂ. എന്നാൽ രണ്ട് വർഷത്തി നുള്ളിൽ മൂന്നാം തവണയും നിയമം ലംഘിച്ചാൽ കുറഞ്ഞത് മൂന്ന് മാസം ലൈസൻസ് സസ്പെൻഷനും 704 ഡോളർ പിഴയും ഈടാക്കും.
ഓസ്‌ട്രേലിയയിൽ മെഡിക്കൽ കഞ്ചാവ് ഉപയോഗിക്കുന്ന 10 ലക്ഷത്തോളം ആളുകളിൽ മൂന്നിലൊന്നും എൻ.എസ്.ഡബ്ല്യുവിലാണ് ജീവിക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഈ മരുന്ന് അത്യന്താപേക്ഷിതമാണെന്നും, പുതിയ ഭേദഗതി രോഗികൾക്ക് പ്രായോഗികമായ സമീപനം ഉറപ്പാക്കുന്നതോടൊപ്പം റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാത്തതുമാണെന്ന് പ്രീമിയർ ക്രിസ് മിൻസ് വ്യക്തമാക്കി. ശരീരത്തിൽ ടി.എച്ച്.സി സാന്നിധ്യം ആഴ്ചകളോളം നിലനിൽക്കുമെങ്കിലും അതിന്റെ ലഹരിയും മയക്കവും മണിക്കൂറുകൾക്കുള്ളിൽ മാറുമെന്നും, കേവലം സാന്നിധ്യത്തിന്റെ പേരിൽ രോഗികളെ കുറ്റവാളികളാക്കുന്നത് അനീതിയാണെന്നും സിഡ്നി സർവ്വകലാശാലയിലെ ലാംബെർട്ട് ഇനിഷ്യേറ്റീവ് ഡയറക്ടർ പ്രൊഫസർ ഇയാൻ മക്ഗ്രെഗർ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര എം.പി അലക്സ് ഗ്രീൻവിച്ചും ലീഗലൈസ് കഞ്ചാവ് പാർട്ടി എം.പി ജെറമി ബക്കിംഗ്ഹാമും ഈ പരിഷ്കാരത്തെ സ്വാഗതം ചെയ്തു. നിലവിലെ നിയമങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയും സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്യുന്ന പ്രാദേശിക മേഖലകളിലെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് ‘അൻഹാം’ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. വിൽ ട്രെഗോണിംഗ് അഭിപ്രായപ്പെട്ടു. എന്നാൽ, ലഹരിയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതിന് മുൻപ് നിയമം പരിഷ്കരിക്കുന്നത് റോഡ് സുരക്ഷയെ ബാധിക്കുമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് കെല്ലി സ്ലോൺ രംഗത്തെത്തിയിട്ടുണ്ട്.

