ന്യൂ സൗത്ത് വെയ്‌ൽസിൽ ചരിത്രത്തിലാദ്യമായി ഡോൾഫിൻ സെൻസസ്; ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്ത് കടലിലെ കൂട്ടുകാർ

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വിപുലമായ ഡോൾഫിൻ സെൻസസ് (എണ്ണമെടുപ്പ്) സംഘടിപ്പിച്ചു. സന്നദ്ധപ്രവർത്തകരും ശാസ്ത്രജ്ഞരും ഉൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ കണക്കെടുപ്പ് ശനിയാഴ്ച രാവിലെയാണ് നടന്നത്. തീരപ്രദേശങ്ങളിലെ മലനിരകൾ, ലുക്കൗട്ടുകൾ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്തും ഡ്രോണുകൾ പറത്തിയും ബോോട്ടുകളിലും കയാക്കുകളിലും കടലിൽ സഞ്ചരിച്ചുമാണ് സന്നദ്ധപ്രവർത്തകർ ഡോൾഫിനുകളെ നിരീക്ഷിച്ചത്.

സെൻസസിന്റെ ഭാഗമായി ഡോൾഫിൻ റിസർച്ച് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. എലിസബത്ത് ഹോക്കിൻസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം കടലിൽ നടത്തിയ നിരീക്ഷണം ഏറെ ശ്രദ്ധേയമായി. ടെലിഫോട്ടോ ലെൻസിലൂടെ ഡോൾഫിനുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ, ക്യാമറയ്ക്ക് മുന്നിൽ ഭംഗിയായി പോസ് ചെയ്യാൻ ഡോൾഫിനുകളോട് ഡോ. എലിസബത്ത് തമാശയായി ആവശ്യപ്പെടുന്നതും ക്യാമറയ്ക്ക് മുന്നിൽ അവ വാലുകളും ചിറകുകളും കാണിച്ച് നീന്തുന്നതും കൗതുകമുണർത്തി.

ആദ്യ ഘട്ടത്തിൽ നവജാത ശിശു ഉൾപ്പെടെയുള്ള 11 ഡോൾഫിനുകളുടെ കൂട്ടത്തെയും, പിന്നീട് മനുഷ്യരിലെ കുട്ടികൾക്ക് സമാനമായ പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ 14 ഡോൾഫിനുകളുടെ മറ്റൊരു കൂട്ടത്തെയും ഗവേഷകർ കണ്ടെത്തി. ഡോൾഫിനുകളുടെ പുറകിലെ ചിറകുകളിലുള്ള (Dorsal fin) പാടുകളും അടയാളങ്ങളും മനുഷ്യരുടെ വിരലടയാളം പോലെ ഓരോന്നിനും വ്യത്യസ്തമാണെന്നും ഇവയുടെ ചിത്രങ്ങൾ വിശകലനം ചെയ്ത് ഓരോ ഡോൾഫിനെയും പ്രത്യേകം തിരിച്ചറിയാൻ സാധിക്കുമെന്നും ഡോ. എലിസബത്ത് ഹോക്കിൻസ് വ്യക്തമാക്കി. ഇതിൽ പല ഡോൾഫിനുകളെയും കഴിഞ്ഞ 24 വർഷമായി തനിക്ക് വ്യക്തിപരമായി അറിയാമെന്നും മനുഷ്യരെപ്പോലെ ഓരോ ഡോൾഫിനും തനതായ വ്യക്തിത്വമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡോൾഫിനുകൾക്ക് പുറമെ സീസണിലെ ആദ്യ ഹംപ്ബാക്ക് തിമിംഗലങ്ങളെയും (Humpback whales) സംഘം കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ബൈറൺ ബേ മേഖലയിൽ മാത്രം 400 മുതൽ 500 വരെ ഡോൾഫിനുകൾ ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ന്യൂ സൗത്ത് വെയ്‌ൽസ് തീരത്ത് ആകെ എത്ര ഡോൾഫിനുകളുണ്ടെന്നതിന് നിലവിൽ കൃത്യമായ രേഖകളില്ല. ഇൻഡോ-പസഫിക് ബോട്ടിൽനോസ്ഡ് ഇനത്തിൽപ്പെട്ട ഡോൾഫിനുകളാണ് ഈ തീരങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കൂടാതെ കൊലയാളി തിമിംഗലങ്ങൾ എന്ന് വിളിക്കുന്ന ഓർക്ക ), ഷോർട്ട് ബീക്ക്ഡ് കോമൺ ഡോൾഫിൻ തുടങ്ങി 19 ഓളം വ്യത്യസ്തയിനം ഡോൾഫിൻ-ചെറുതിമിംഗല വർഗ്ഗങ്ങൾ ഇവിടെയുണ്ട്. ഇവയുടെ കൃത്യമായ എണ്ണവും ആരോഗ്യസ്ഥിതിയും മനസ്സിലാക്കാനും അവയുടെ സംരക്ഷണത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനും പുതിയ സെൻസസ് വഴി ലഭിക്കുന്ന വിവരങ്ങൾ ഏറെ നിർണ്ണായകമാകും

Leave a Reply

Your email address will not be published. Required fields are marked *