മെൽബൺ: വരും മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ കടുത്ത വരൾച്ചയ്ക്കും ഉഷ്ണതരംഗത്തിനും കാരണമായേക്കാവുന്ന ‘എൽ നിനോ പ്രതിഭാസം രൂപപ്പെടാൻ സാധ്യതയേറുന്നതായി ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ബ്യൂറോ ഓഫ് മീറ്റീരിയോളജിയുടെ മുന്നറിയിപ്പ്. അന്താരാഷ്ട്ര കാലാവസ്ഥാ മോഡലുകളെല്ലാം ഇപ്പോൾ ഒരേ സൂചനയാണ് നൽകുന്നതെന്നും ഈ ശീതകാലത്ത് തന്നെ രാജ്യം എൽ നിന്യോ ഘട്ടത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സീനിയർ ക്ലൈമറ്റോളജിസ്റ്റ് ഫെലിസിറ്റി ഗാംബിൾ വ്യക്തമാക്കി.
വരുന്ന നവംബറിന് മുൻപായി പസഫിക് സമുദ്രത്തിൽ എൽ നിനോ രൂപപ്പെടാൻ 90 ശതമാനം സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ മധ്യ-ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്ന പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി അന്തരീക്ഷ ചംക്രമണത്തിൽ വ്യതിയാനം സംഭവിക്കുകയും ഓസ്‌ട്രേലിയയുടെ വടക്കൻ മേഖലകളിൽ മഴയുടെ അളവ് കുറയുകയും ചെയ്യും. കഴിഞ്ഞ 2023-ലെ വസന്തകാലത്തിന് ശേഷം ആദ്യമായാണ് രാജ്യം വീണ്ടും ഒരു എൽ നിനോ പ്രതിഭാസത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തവണ മിതമായ നിരക്കിലോ അല്ലെങ്കിൽ വളരെ ശക്തമായ രീതിയിലോ എൽ നിന്യോ അനുഭവപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വരണ്ട 10 ശീതകാല-വസന്തകാല ഘട്ടങ്ങളിൽ ഒൻപതും സംഭവിച്ചിട്ടുള്ളത് എൽ നിനോ വർഷങ്ങളിലാണ്. തെക്കൻ ഓസ്‌ട്രേലിയയിൽ ഇത് കടുത്ത ചൂടിനും വരൾച്ചയ്ക്കും കാട്ടുതീ പടരാനും കാരണമാകാറുണ്ട്. എന്നാൽ എൽ നിനോ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം രാജ്യം പെട്ടെന്ന് വരൾച്ചയിലേക്ക് മാറില്ലെന്നും സമീപമാസങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടി ഇതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും ഗാംബിൾ കൂട്ടിച്ചേർത്തു. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കാലവർഷം ദുർബലമാകാനും അമേരിക്കയുടെ തെക്കൻ മേഖലകളിൽ കനത്ത വെള്ളപ്പൊക്കത്തിനും എൽ നിനോ കാരണമാകാറുണ്ട്.
ആഗോളതാപനവും എൽ നിനോയും ഒന്നിച്ചെത്തുന്നത് അതീവ അപകടകരമായ സാഹചര്യമാണെന്ന് മുൻ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി ഡോ. ആൻഡ്രൂ വാട്കിൻസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനം ഇതിനകം തന്നെ രാജ്യത്ത് കടുത്ത വരൾച്ചയ്ക്കും ഉഷ്ണതരംഗത്തിനും കാരണമാകുന്നുണ്ട്. എൽ നിനോയുടെ തീവ്രത കൂടുന്നതനുസരിച്ച് ഓസ്‌ട്രേലിയയിൽ അതിന്റെ ആഘാതം കൃത്യമായി പ്രവചിക്കാ നാകില്ലെങ്കിലും, മുൻകാല അനുഭവങ്ങൾ വെച്ച് രാജ്യം കൂടുതൽ ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ തയ്യാറെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

