സിഡ്നി: കടുത്ത കാലാവസ്ഥാ വ്യതിയാന ഭീഷണികൾക്കും ജീവിതച്ചെലവ് വർദ്ധനവിനും ഇടയിലും ഓസ്‌ട്രേലിയയിൽ ഈ വർഷത്തെ മഞ്ഞുകാലത്തിന് ഔദ്യോഗിക തുടക്കമായി. വിക്ടോറിയ, ന്യൂ സൗത്ത് വെയ്ൽസ് ആൽപ്സ് മേഖലകളിൽ ഉദ്ഘാടന വാരത്തിന് മുന്നോടിയായി 20 മുതൽ 40 സെന്റിമീറ്റർ വരെ മഞ്ഞു വീഴ്ച്ചയുണ്ടായി. പ്രകൃതിദത്തമായ മഞ്ഞുവീഴ്ചയ്ക്ക് പുറമെ കൃത്രിമ മഞ്ഞുനിർമ്മാണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് റിസോർട്ടുകൾ സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങിയത്. ശനിയാഴ്ചയോടെ പലയിടങ്ങളിലും മഞ്ഞുപാളികൾ രൂപപ്പെട്ടെങ്കിലും ചിലയിടങ്ങളിൽ ഇത് ഭാഗികമായിരുന്നു.
ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ കാരണം ഓസ്‌ട്രേലിയൻ സ്കീയിംഗ് റിസോർട്ടുകൾ ഇപ്പോൾ മഞ്ഞുപീരങ്കികൾ, ഏത് താപനിലയിലും മഞ്ഞുണ്ടാക്കുന്ന ‘സ്നോ ഫാക്ടറികൾ’ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വരും ആഴ്ചകളിൽ രൂപപ്പെടാൻ സാധ്യതയുള്ള ‘എൽ നിനോ’ (El Niño) പ്രതിഭാസവും ഉയർന്ന താപനിലയും മഞ്ഞിന്റെ അളവ് കുറയ്ക്കുമെന്നും സ്കീയിംഗ് പ്രേമികൾക്ക് ഇത് തിരിച്ചടിയാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധൻ ജോനാഥൻ ഹൗ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുടെ 2024-ലെ പഠന റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ 2050-ഓടെ ഓസ്‌ട്രേലിയയിലെ മഞ്ഞുകാലത്തിന്റെ ദൈർഘ്യം 44 മുതൽ 55 ദിവസങ്ങൾ വരെ കുറയും. കാർബൺ പുറന്തള്ളൽ നിയന്ത്രിച്ചാൽ പോലും 28 ദിവസത്തെ കുറവുണ്ടാകും. ഈ പ്രതിസന്ധി മറികടക്കാൻ കൃത്രിമ മഞ്ഞുനിർമ്മാണം വ്യവസായത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് മെയ് മാസത്തിൽ നടന്ന സ്നോ റിസോർട്ട്സ് ഓസ്‌ട്രേലിയ ഉച്ചകോടി വിലയിരുത്തിയിരുന്നു. പ്രതിസന്ധി നേരിടാൻ സ്കീയിംഗിന് പുറമെ മൗണ്ടൻ ബൈക്കിംഗ്, ഹൈക്കിംഗ്, 10 മില്യൺ ഡോളർ ചിലവിട്ട് നിർമ്മിച്ച ആൽപൈൻ കോസ്റ്റർ തുടങ്ങിയ വേനൽക്കാല വിനോദങ്ങളിലേക്ക് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ത്രെഡ്ബോ അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥയ്ക്ക് പുറമെ കടുത്ത വിലക്കയറ്റവും വിനോദസഞ്ചാരികളെ ബാധിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ ചെലവ് ചുരുക്കാനായി സഞ്ചാരികൾ സ്വന്തമായി ഭക്ഷണവും ടെന്റുകളും കരുതുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കീ ലിഫ്റ്റ് പാസുകളുടെ അമിത നിരക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുണ്ട്. 2010-ൽ ഒരു ദിവസത്തെ ലിഫ്റ്റ് പാസിന് 100 ഡോളറായിരുന്നു നിരക്കെങ്കിൽ ഇന്നത് ഇരട്ടിയിലധികമായി വർദ്ധിച്ചി രിക്കുകയാണ്. എന്നാൽ സീസൺ തുടക്കത്തോടനുബന്ധിച്ച് തുടക്കക്കാർക്കും കുടുംബങ്ങൾ ക്കുമായി പല റിസോർട്ടുകളും വൻ ഡിസ്‌കൗണ്ടുകളും 99 ഡോളറിന്റെ പ്രത്യേക പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പെരിഷർ, ഫാൾസ് ക്രീക്ക്, ഹോതം തുടങ്ങിയ പ്രധാന റിസോർട്ടുകളിലെല്ലാം പ്രതിസന്ധികൾക്കിടയിലും ബുക്കിംഗിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

