അഷ്ടമുടി സംരക്ഷണത്തിന് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇടപെടൽ; ബോട്ട് ജെട്ടിയിലെ മാലിന്യം നീക്കാൻ സ്ഥിരം സംവിധാനമെന്ന് മന്ത്രി

കൊല്ലം: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവേകുന്നതിനായി അഷ്ടമുടിക്കായലും പരിസരപ്രദേശങ്ങളും പൂർണ്ണമായും മാലിന്യമുക്തമാക്കി വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി.ടി.പി.സി ബോട്ട് ജെട്ടിയിലും കായലിന്റെ വിവിധ ഭാഗങ്ങളിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ശാശ്വതമായി നീക്കം ചെയ്യുന്നതിനായി പ്രത്യേക സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അഷ്ടമുടിക്കായലും പരിസര പ്രദേശങ്ങളും നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോട്ട് ജെട്ടിയിലെയും കായലിലെയും മാലിന്യപ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിലൂടെ വിനോദസഞ്ചാര വികസനത്തിന് കൂടുതൽ വേഗത കൈവരിക്കാനാകും. കായലിന്റെ സ്വാഭാവിക ഭംഗി നിലനിർത്തിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *