മെൽബൺ: ദേശീയ പുരസ്കാര ജേതാവും പ്രിയ കലാകാരനുമായ സലിം കുമാറിന്റെ അകാല വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) വിക്ടോറിയാ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തോടും സിനിമാ ലോകത്തോടും തുറന്നുപറയാൻ മടി കാണിക്കാതിരുന്ന നിലപാടുകളുടെ രാജകുമാരനായിരുന്നു അദ്ദേഹമെന്ന് അനുശോചന യോഗം വിലയിരുത്തി.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരുപോലെ തീരാനഷ്ടമാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച വിക്ടോറിയാ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് പറഞ്ഞു. കോൺഗ്രസ് സർക്കാർ കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച സർഗ്ഗപ്രതിഭയായിരുന്നു അദ്ദേഹമെന്ന് ഐ.ഒ.സി നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി അനുസ്മരിച്ചു.
വിക്ടോറിയാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ മനോജ് ഗുരുവായൂർ, ഷൈജു ദേവസ്സി തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

