തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കായി നോർക്ക റൂട്ട്സ് തയ്യാറാക്കിയ ‘നോർക്ക സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ’ പ്രവർത്തനമാരംഭിച്ചു. നാലാം ലോകകേരള സഭയിൽ ഉയർന്നുവന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അംഗീകാരമുള്ള ഈ സമഗ്ര പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദേശ കുടിയേറ്റം ഇരട്ടിയായി വർദ്ധിച്ച പശ്ചാത്തലത്തിലാണ്, വ്യാജ ഏജന്റുമാരുടെ ചൂഷണം തടയുന്നതിനായി ഇത്തരമൊരു ഔദ്യോഗിക സംവിധാനം ഒരുക്കിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ സർവ്വകലാശാലകളെയും കോഴ്സുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ, ഇമിഗ്രേഷൻ-വിസ മാർഗ്ഗനിർദ്ദേശങ്ങൾ, വിദ്യാഭ്യാസ കൗൺസിലിങ്, വിദേശപഠനത്തിനുള്ള മറ്റ് പിന്തുണകൾ എന്നിവ ഈ പോർട്ടലിലൂടെ ലഭ്യമാകും. കൂടാതെ നോർക്കയുടെ ഇൻഷുറൻസ് പരിരക്ഷ, ഐഡന്റിറ്റി കാർഡ്, യാത്രയ്ക്ക് മുന്നോടിയായുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ സേവനങ്ങൾ എന്നിവയും ഇതിലൂടെ നേരിട്ട് പ്രയോജനപ്പെടുത്താം. കേരള മൈഗ്രേഷൻ സർവേ ഉൾപ്പെടെയുള്ള ഔദ്യോഗിക പഠനങ്ങളുടെയും ലോകകേരള സഭയിലെ ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് പ്രവാസി വിദ്യാർത്ഥികൾക്കായുള്ള ഈ പുതിയ പോളിസി നടപ്പിലാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് https://studentportal.norkaroots.kerala.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും എ.ഐ.എം.എ ഗുജറാത്ത് പ്രസിഡന്റുമായ ദിനേശ് നായർ അറിയിച്ചു.

