35 വർഷത്തിന് ശേഷം ആദ്യമായി ബ്ലാക്ക്-ഹെഡഡ് ഗൾ പക്ഷി ഓസ്‌ട്രേലിയയിൽ; ജാസ്സി വിസ്മയമായി വിരുന്നുകാരൻ

പെർത്ത്: സാധാരണയായി യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ കുടിയേറ്റം നടത്തുന്ന ‘ബ്ലാക്ക്-ഹെഡഡ് ഗൾ’ (Black-headed gull) എന്ന അപൂർവ്വ കടൽപക്ഷി വഴിതെറ്റി വെസ്റ്റേൺ ഓസ്‌ട്രേലിയൻ തീരത്തെത്തി. കിലോമീറ്ററുകൾ അകലെയുള്ള തനത് യാത്രാപഥത്തിൽ നിന്നും മാറി വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ തീരദേശ നഗരമായ ജെറാൾഡ്‌ടണിലാണ് ഈ ഒറ്റപ്പെട്ട പക്ഷിയെ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്തു ണ്ടായ ശക്തമായ കൊടുങ്കാറ്റിൽപ്പെട്ടാകാം പക്ഷി ഇവിടെയെത്തിയതെന്നാണ് നിഗമനം. ഓസ്‌ട്രേലിയയിൽ ഇതിനുമുമ്പ് 1991-ൽ ബ്രൂം നഗരത്തിലാണ് ഈ ഇനത്തിൽപ്പെട്ട പക്ഷിയെ അവസാനമായി കണ്ടിട്ടുള്ളത്. നീണ്ട 35 വർഷത്തിന് ശേഷമുള്ള ഈ അപൂർവ്വ പ്രതിഭാസം ഓസ്‌ട്രേലിയയിലെ പക്ഷിനിരീക്ഷകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പക്ഷികളെ സാധാരണയായി കാണാറുള്ളത്. എന്നാൽ ഇത്രയും തെക്കോട്ട് മാറി ഇവയെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്ന് പക്ഷിനിരീക്ഷണ സംഘടനയായ ‘ബേർഡ്‌ലൈഫ് ഓസ്‌ട്രേലിയ’യിലെ വിദഗ്ദ്ധ തേജ്വൻ ഡഗ്ലസ് വ്യക്തമാക്കി. പുതിയ ഇനം പക്ഷികളെ കാണാൻ എത്ര ദൂരവും സഞ്ചരിക്കുന്ന കടുത്ത പക്ഷിപ്രേമികളായ നിരവധി പേരാണ് ഈ വിരുന്നുകാരനെ ഒരു നോക്ക് കാണാൻ ജെറാൾഡ്‌ടണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി രാജ്യത്തിന്റെ കിഴക്കൻ തീരത്തുനിന്ന് വിമാനം കയറി എത്തിയവരും ഉണ്ട്. വാട്സ്ആപ്പ് കൂട്ടായ്മകളും പ്രാദേശിക നെറ്റ്‌വർക്കുകളും വഴി പക്ഷിയുടെ തത്സമയ വിവരങ്ങൾ പങ്കുവെച്ചാണ് നിരീക്ഷകർ തിരച്ചിൽ ഏകോപിപ്പിക്കുന്നത്.

തന്റെ ആവാസവ്യവസ്ഥയിൽ നിന്നും ഏറെ അകലെയാണെങ്കിലും ജെറാൾഡ്‌ടൺ തീരത്തെ പ്രാദേശിക സിൽവർ ഗൾ പക്ഷികളോടൊപ്പം വളരെ വേഗത്തിലാണ് ഈ പുതിയ അതിഥി ഇണങ്ങിചേർന്നിരിക്കുന്നത്. മനുഷ്യരുമായി 10-15 മീറ്റർ വരെ അടുത്ത് വരാൻ മടിയില്ലാത്ത ഈ പക്ഷി തീരത്ത് വളരെ ശാന്തമായാണ് കാണപ്പെടുന്നത്. ഈ അപൂർവ്വ പക്ഷി എത്രനാൾ ഇവിടെ തുടരുമെന്ന് വ്യക്തമല്ലെങ്കിലും, വന്യജീവികളോട് ജനങ്ങൾ കാണിക്കുന്ന ആദരവ് ഇത്തരം പക്ഷികൾക്ക് സുരക്ഷിതമായി കൂടുതൽ കാലം ഇവിടെ കഴിയാൻ സഹായകരമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *