ന്യൂഡൽഹി: ജൂൺ 21-ന് നടക്കുന്ന റീ-നീറ്റ് (NEET-UG) 2026 പരീക്ഷയ്ക്ക് വിദ്യാർഥികൾക്ക് 15 മിനിറ്റ് അധികസമയം അനുവദിച്ച് എൻ.ടി.എ. പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതോടെ പരീക്ഷയുടെ ആകെ ദൈർഘ്യം 180 മിനിറ്റിൽ നിന്ന് 195 മിനിറ്റായി വർധിപ്പിച്ചു.
വിദ്യാർഥികൾക്ക് കണക്കുകൂട്ടലുകൾക്കും കുറിപ്പുകൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി ചോദ്യപുസ്തകത്തിലെ റഫ് വർക്ക് പേജുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
പരീക്ഷയെ കൂടുതൽ വിദ്യാർഥിസൗഹൃദമാക്കുകയും സമയസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിനാണ് ഈ മാറ്റങ്ങളെന്ന് എൻ.ടി.എ. അറിയിച്ചു. പുതുക്കിയ ക്രമീകരണപ്രകാരം പരീക്ഷ ജൂൺ 21-ന് ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 5.15 വരെ നടക്കും. പരീക്ഷയുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള മറ്റ് നടപടികളും എൻ.ടി.എ. നടപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

