മനില: ഫിലിപ്പീൻസിൽ ഈയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് കടൽത്തട്ട് രണ്ട് മീറ്ററോളം (6.6 അടി) മുകളിലേക്ക് ഉയർന്നതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തെക്കൻ മിന്ദനാവോ ദ്വീപിന് സമീപം തിങ്കളാഴ്ചയുണ്ടായ റിച്ചർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ 61 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപ്പെട്ട 40-ലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി.
ഭൂചലനമുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ് ‘കോസ്റ്റൽ അപ്ലിഫ്റ്റ്’ (Coastal uplift) എന്നറിയപ്പെടുന്ന ഈ അപൂർവ്വ ഭൂമിശാസ്ത്ര പ്രതിഭാസം തീരവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. കടൽത്തട്ട് മുകളിലേക്ക് ഉയർന്നതോടെ ചിലയിടങ്ങളിൽ തീരപ്രദേശം 200 മീറ്ററോളം മുന്നോട്ട് നീങ്ങിയിട്ടുണ്ട്. പ്രദേശത്തെ സമുദ്രത്തിനടിയിലുള്ള കോട്ടബാറ്റോ ട്രെഞ്ചിലുണ്ടായ (Cotabato trench) സ്ഥാനചലനമാണ് സരംഗാനി, ദാവോ ഒക്സിഡന്റൽ പ്രവിശ്യകളുടെ തീരപ്രദേശങ്ങളെ മുകളിലേക്ക് ഉയർത്താൻ കാരണമായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊൾക്കനോളജി ആൻഡ് സീസ്മോളജി വ്യക്തമാക്കി. മിന്ദനാവോ തീരത്ത് നിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ഈ പ്രദേശം നിരന്തരം ഭൂചലന സാധ്യതയുള്ള മേഖലയാണ്. കഴിഞ്ഞ ജനുവരിയിലും ഇവിടെ അയ്യായിരത്തിലധികം ചെറുചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.
കടൽത്തട്ട് ഉയർന്നതോടെ വലിയ തോതിൽ പവിഴപ്പുറ്റുകളും കടൽപ്പുല്ലുകളും ജലത്തിന് പുറത്തായി നശിക്കാൻ തുടങ്ങിയതായി സ്ഥലത്ത് പരിശോധന നടത്തിയ വിദഗ്ദ്ധ സംഘം കണ്ടെത്തി. ചത്ത മീനുകളും മറ്റ് സമുദ്രജീവികളും ഈ പവിഴപ്പുറ്റുകൾക്ക് മുകളിൽ അടിഞ്ഞുകൂടിയ നിലയിലാണ്. ഇവ ചീഞ്ഞുനാറുന്നതുമൂലം ഉണ്ടാകുന്ന വിഷവാതകം ശ്വസിച്ച് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് തീരവാസികൾ. എത്രത്തോളം വിസ്തൃതിയുള്ള പ്രദേശത്തെയാണ് ഈ പ്രതിഭാസം ബാധിച്ചതെന്ന് കണ്ടെത്താൻ വിപുലമായ സർവേ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

