അമേരിക്ക–ഇറാൻ ധാരണയുടെ ഭാഗമായി അമേരിക്കൻ നികുതിപ്പണം ഇറാന് നൽകില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. സമാധാന ധാരണയിൽ ഒപ്പുവെച്ചതിന്റെ പേരിൽ ഇറാന് നേരിട്ട് സാമ്പത്തിക സഹായമോ ഫണ്ട് കൈമാറുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് സാമ്പത്തിക ആനുകൂല്യങ്ങളോ ഉപരോധ ഇളവുകളോ ലഭിക്കണമെങ്കിൽ, ഉയർന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇല്ലാതാക്കുകയും ആണവായുധ വികസനം അവസാനിപ്പിച്ചതായി അന്താരാഷ്ട്ര പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെടുകയും വേണമെന്ന് വാൻസ് വ്യക്തമാക്കി. ആ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് പുനർനിർമാണത്തിനായി 300 ബില്യൺ ഡോളർ ഫണ്ട് ലഭിക്കുമെന്ന റിപ്പോർട്ടുകൾക്കുമിടയിൽ, അത് അമേരിക്കൻ സർക്കാർ നൽകുന്ന സഹായമല്ലെന്നും, അത്തരമൊരു പദ്ധതി ഉണ്ടായാലും അത് ഗൾഫ് രാജ്യങ്ങളുടെ നിക്ഷേപമായിരിക്കുമെന്നും, ഇറാൻ നിബന്ധനകൾ പൂർണമായി പാലിച്ചാൽ മാത്രമേ അതിന് അർഹതയുണ്ടാകൂവെന്നും വാൻസ് വിശദീകരിച്ചു.

