തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ കൊതുകുകളുടെ പ്രജനനം തടയുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി മൂന്ന് ദിവസത്തെ ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, വിവിധ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, തേങ്ങാച്ചിരട്ടകൾ തുടങ്ങിയ കൊതുകുകൾ വളരാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി വൃത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ആഴ്ചയിൽ ഒരു ദിവസം വീടും പരിസരവും ശുചിയാക്കുന്ന ശീലം തുടർന്നും പാലിക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
പകർച്ചവ്യാധി പ്രതിരോധത്തിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ ആരോഗ്യസ്ഥാപനങ്ങളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

