മുത്തശ്ശിയുടെ പരാതി എന്തുകൊണ്ട് അവഗണിച്ചു? ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിതിന്റെ കൊലപാതകത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയിൽ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു.
കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും ചേർന്ന് പീഡിപ്പിക്കുന്നതായി മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്ലൈനിൽ നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും ആവശ്യമായ ഇടപെടൽ ഉണ്ടായില്ലെന്നും വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. വനിതാ-ശിശു വികസന വകുപ്പിനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചു. പരാതി കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു.
മേയ് 23-നാണ് രണ്ടാനച്ഛന്റെ മർദനമേറ്റ് ഒന്നര വയസുകാരൻ കൊല്ലപ്പെട്ടത്. കുട്ടിക്ക് പരിക്കേറ്റ വിവരം ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിലെ താത്കാലിക ജീവനക്കാരനെ പിന്നീട് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളും വാരിയെല്ലുകൾ തകർന്ന നിലയുമാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ഏതാനും ആഴ്ചകൾ മുമ്പ്, മേയ് 3-ന്, കുട്ടിയുടെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ചിത്രങ്ങൾ ഉൾപ്പെടെ മുത്തശ്ശി അധികൃതർക്ക് കൈമാറിയിരുന്നെങ്കിലും പരാതി ഗൗരവമായി പരിഗണിക്കപ്പെട്ടില്ല.
അന്വേഷണത്തിൽ, കുഞ്ഞിന്റെ കരച്ചിൽ പ്രകോപനമായെന്നും ഭാവിയിൽ കുട്ടി ബാധ്യതയാകുമെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതിയായ അഷ്കർ മൊഴി നൽകിയതായി അന്വേഷണസംഘം അറിയിച്ചു. അന്വേഷണത്തിൽ, കൊലപാതകത്തിന് മുമ്പും കുട്ടി തുടർച്ചയായി ക്രൂരപീഡനത്തിന് ഇരയായിരുന്നതായും വ്യക്തമായിട്ടുണ്ട്.

