തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാലും ഒൻപതും വയസ്സുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇതിനെ തുടർന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി യോഗം ചേരുകയും ചെയ്തു.
രോഗബാധിതരായ കുട്ടികളിൽ ഒരാളെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടാമത്തെ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കുട്ടികൾ പഠിക്കുന്ന സ്കൂളിലെയും പരിസരങ്ങളിലെയും ജലസ്രോതസ്സുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ ഇതിനകം ക്ലോറിനേഷൻ നടത്തി സുരക്ഷിതമാക്കി.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന അതീവ സാംക്രമിക രോഗമായതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക തുടങ്ങിയ പ്രതിരോധ ശീലങ്ങൾ കർശനമായി പിന്തുടരണമെന്ന് മെഡിക്കൽ സംഘം ഓർമ്മിപ്പിച്ചു.

