ട്രംപിന്റെ വിമർശനത്തിനിടയിലും ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ

ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയും ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. തെക്കൻ ലബനനിലെ നബാത്തിയ അൽ-ഫൗഖ മേഖലയിലും കഫർ തെബ്നിത് പരിസരത്തും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. തീരപ്രദേശമായ അൻസാരിയേയിൽ ഡ്രോൺ ആക്രമണവും റിപ്പോർട്ട് ചെയ്തു.

ലബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക വിവരമനുസരിച്ച്, ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായി കരുതുന്നു. നിലവിലെ സംഘർഷത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 3,826 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.

ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ അസ്വസ്ഥതയുണ്ടെന്ന് ട്രംപ് നേരത്തെ ജി-7 ഉച്ചകോടിക്കിടെ വ്യക്തമാക്കിയിരുന്നു. ലബനൻ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അദ്ദേഹം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെടുകയും, ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടി ആവശ്യത്തിലധികം നീണ്ടതായും അതിലൂടെ വലിയ മനുഷ്യനാശമുണ്ടായതായും അഭിപ്രായപ്പെടുകയും ചെയ്തു.

അതേസമയം, യുഎസ്–ഇറാൻ സമാധാന ധാരണയിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്ന് മധ്യസ്ഥരായ പാകിസ്ഥാൻ അറിയിച്ചെങ്കിലും, തെക്കൻ ലബനനിലെ സൈനിക സാന്നിധ്യം തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്–ഇറാൻ സമാധാന കരാറിൽ ഒപ്പുവയ്ക്കൽ സ്വിറ്റ്സർലൻഡിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *