അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച ധാരണാപത്രം (MoU) അന്തിമ കരാറല്ലെന്നും, ഇറാൻ ധാരണയിലെ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ജി7 ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. “ഇത് അന്തിമകരാറല്ല, ഒരു ധാരണാപത്രം മാത്രമാണ്. എനിക്ക് ഇത് തൃപ്തികരമല്ലെങ്കിൽ, അല്ലെങ്കിൽ ഇറാൻ ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, വീണ്ടും ബോംബാക്രമണം നടത്തും,” എന്നാണ് ട്രംപ് പറഞ്ഞത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അമേരിക്ക–ഇറാൻ ധാരണാപത്രം നിലവിലെ വെടിനിർത്തൽ നീട്ടുകയും സ്ഥിരസമാധാനത്തിനായുള്ള ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്യുന്ന പ്രാരംഭ രേഖയാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത് അന്തിമകരാറായി കണക്കാക്കാനാകില്ലെന്നും, വ്യവസ്ഥകൾ കൃത്യമായി നടപ്പിലാക്കുന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.

