തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം ആസൂത്രിതമായി വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെയും തീരുമാനങ്ങളെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചും റേഷൻ വിതരണത്തെക്കുറിച്ചും സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വർധനയെക്കുറിച്ചും ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ചും വ്യാജപ്രചാരണങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റേഷൻ വിതരണത്തിൽ ഒരു ഗ്രാമും കുറവ് വരുത്തിയിട്ടില്ലെന്നും, ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നതിനായി അധിക അരി സംഭരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിഭാഗ അഭിഭാഷകനായ കെ.ബി. പ്രദീപിനെ സർക്കാർ പ്ലീഡറായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി, ചില ജനപ്രതിനിധികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനമെങ്കിലും സംഭവിച്ച പിഴവിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതായി വ്യക്തമാക്കി. തെറ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ നിയമനം പിൻവലിച്ചെന്നും, ഇനി ഇത്തരം നിയമനങ്ങൾക്ക് വിജിലൻസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള പരിശോധനകൾ നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

