ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; ഇന്ത്യയിലേക്കുള്ള ആദ്യ എൽഎൻജി കപ്പൽ ഇന്ന് ഗുജറാത്തിൽ

ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് മാസങ്ങളായി തടസപ്പെട്ടിരുന്ന ഹോർമൂസ് കടലിടുക്കിലെ കപ്പൽഗതാഗതം സാധാരണ നിലയിലേക്കെത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള ആദ്യ എൽഎൻജി (LNG) കപ്പൽ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. യുഎസ്–ഇറാൻ സമാധാന ധാരണയ്ക്ക് പിന്നാലെ കപ്പലിന് സുരക്ഷിതമായി ഹോർമൂസ് കടക്കാനായതാണ് ഈ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

62,370 മെട്രിക് ടൺ ദ്രവീകൃത പ്രകൃതി വാതകവുമായി (LNG) എത്തുന്ന ഈ കപ്പൽ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ധനവും രാസവളവും ഉൾപ്പെടെയുള്ള ചരക്കുകളുമായി 34 ഇന്ത്യൻ കപ്പലുകളും ഉടൻ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

ഒമാൻ തീരത്തെ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഹോർമൂസ് വഴിയുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കുന്നതോടെ കഴിഞ്ഞ മാസങ്ങളിലുണ്ടായ ഊർജവിതരണ സമ്മർദത്തിന് ആശ്വാസമാകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *