കാൻബെറ: ഓസ്‌ട്രേലിയയിലേക്കുള്ള അറ്റ കുടിയേറ്റ നിരക്കിൽ (Net Overseas Migration – NOM) വൻ കുറവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ABS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ അറ്റ കുടിയേറ്റ നിരക്ക് 3,01,000 ആയി കുറഞ്ഞു. കോവിഡിന് ശേഷം 2023-ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും 45 ശതമാനത്തിലധികം ഇടിവാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.
2022-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കുടിയേറ്റ നിരക്കാണിത്.
ഡിസംബർ വരെയുള്ള വാർഷിക കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനത്തിന്റെ കുറവ് നെറ്റ് മൈഗ്രേഷനിൽ ഉണ്ടായിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ അറ്റ കുടിയേറ്റം 1,45,000 ആയി ചുരുങ്ങി. ഇത് ഈ വർഷത്തെ ബജറ്റിൽ വിഭാവനം ചെയ്ത ലക്ഷ്യത്തിന്റെ പകുതിയോളമേ വരുന്നുള്ളൂ എന്നത് കുടിയേറ്റ നിരക്ക് വലിയ തോതിൽ നിയന്ത്രിക്കപ്പെട്ടു എന്നതിന്റെ സൂചനയാണ്.
താത്കാലിക വിസകളിലെത്തുന്നവരുടെ (Temporary visa holders) കുടിയേറ്റ നിരക്കിലും വാർഷികാടിസ്ഥാനത്തിൽ 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യാ വർദ്ധനവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിനായി കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമെന്ന് ഭരണകക്ഷിയായ ലേബർ പാർട്ടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താത്കാലിക വിസക്കാർക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് പുതിയ ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, കുടിയേറ്റ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും കോവിഡിന് മുൻപുള്ള ശരാശരിയേക്കാൾ ഇപ്പോഴും 25 ശതമാനത്തോളം മുകളിലാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ ജീവിതച്ചെലവ്, ഭവന ലഭ്യത തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുടിയേറ്റ നിരക്ക് ഇനിയും കുറയ്ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളും ചില സംഘടനകളും ആവശ്യപ്പെടുന്നത്.

