തിരുവനന്തപുരം: കേരളത്തിന്റെ സംസ്ഥാന ഫലമായ ചക്കയുടെ ഔഷധ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യവകുപ്പുമായി ആലോചിച്ച് ഫലപ്രദമായ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്. ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ, ഗവേഷണ കണ്ടെത്തലുകളും സാധ്യതകളും’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ആരോഗ്യ സംരക്ഷണത്തിലും പ്രമേഹ നിയന്ത്രണത്തിലും പച്ചച്ചക്കയ്ക്കുള്ള പങ്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, ഇതിന്റെ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചക്കയുടെ ഔഷധ ഗുണങ്ങളെയും പുതിയ ഗവേഷണ സാധ്യതകളെയും മുൻനിർത്തി കൃഷി, ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള കൃത്യമായ പ്രവർത്തന രൂപരേഖയ്ക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്തു.

