മൂന്നാർ ടൗണിലെ വഴിയോരക്കടകൾ ഒഴിപ്പിക്കാൻ നടപടി തുടങ്ങി; ഗതാഗത നിയന്ത്രണ സമിതിയുടേതാണ് തീരുമാനം

മൂന്നാർ: ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗത തടസ്സവും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന വഴിയോരക്കടകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. കഴിഞ്ഞ ദിവസം മൂന്നാറിൽ ചേർന്ന ഗതാഗത നിയന്ത്രണ സമിതി (ട്രാഫിക് അഡ്വൈസറി കമ്മിറ്റി) യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയുമായി അധികൃതർ രംഗത്തിറങ്ങിയത്.

മൂന്നാർ ടൗണിലെ പ്രധാന പാതയോരങ്ങളിലും വിനോദസഞ്ചാരികൾ എത്തുന്ന കവലകളിലും അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകളും താല്കാലിക ഷെഡുകളും ഉൾപ്പെടെയുള്ളവയാണ് ഒഴിപ്പിക്കുന്നത്. ഇത്തരം കടകൾ കാരണം ടൗണിൽ മണിക്കൂറുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് നടപടി. പഞ്ചായത്ത് അധികൃതരുടെയും റവന്യൂ വിഭാഗത്തിന്റെയും സംയുക്ത മേൽനോട്ടത്തിൽ പോലീസ് സുരക്ഷയോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. നഗരസൗന്ദര്യവൽക്കരണത്തിനും സുഗമമായ ഗതാഗതത്തിനും തടസ്സമാകുന്ന രീതിയിലുള്ള കയ്യേറ്റങ്ങൾ വരും ദിവസങ്ങളിലും കർശനമായി ഒഴിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *