തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാരിലേക്ക് (എസ്.ഐ) മടങ്ങിയെത്തുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി (എസ്.എച്ച്.ഒ) എസ്.ഐമാരെ നിയമിക്കണമെന്ന ആവശ്യവുമായി സംസ്ഥാന പൊലീസ് മേധാവി (ഡി.ജി.പി) റാവാഡ എ. ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് ഔദ്യോഗിക ശുപാർശ കൈമാറി. മുൻപ് എസ്.ഐമാർ കൈകാര്യം ചെയ്തിരുന്ന സ്റ്റേഷൻ ചുമതലകൾ 2018 മുതലാണ് സർക്കുലർ വഴി ഇൻസ്പെക്ടർമാർക്ക് കൈമാറിയിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും പഴയ രീതിയിലേക്ക് മാറ്റാൻ ഒരുങ്ങുന്നത്.
പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ, മുൻപുണ്ടായിരുന്നതുപോലെ രണ്ട് മുതൽ നാല് വരെ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർമാരായി (സി.ഐ) മേലുദ്യോഗസ്ഥരെ മാറ്റും. എന്നാൽ പ്രതിവർഷം 3000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ചുമതലയിൽ ഇൻസ്പെക്ടർമാരെത്തന്നെ നിലനിർത്തും. ബാക്കിയുള്ള 421 സ്റ്റേഷനുകളുടെ ചുമതല അടുത്ത രണ്ട് മാസത്തിനകം എസ്.ഐമാർക്ക് കൈമാറാനാണ് ശുപാർശയിൽ പറയുന്നത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായി എസ്.ഐമാർക്ക് പ്രത്യേക പരിശീലനവും നൽകും.
അധികാരമേറ്റയുടൻ തന്നെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുന്നത് പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഷനുകളിലെ അഴിച്ചുപണിയെക്കുറിച്ച് വിശദമായി പഠിക്കാൻ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിക്ക് രൂപം നൽകിയത്. ഈ സമിതിയുടെ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഡി.ജി.പി ഇപ്പോൾ സർക്കാരിന് അന്തിമ ശുപാർശ സമർപ്പിച്ചിരിക്കുന്നത്.

