കാൻബെറ: സിറിയയിലെ ഐസിസ് തടങ്കൽപ്പാളയത്തിൽ കഴിയുന്ന അവസാന ഓസ്‌ട്രേലിയൻ പൗരന്റെയും നാട്ടിലേക്കുള്ള മടക്കം നിയമപരമായി തടയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക്. ഇയാൾക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരാനുള്ള അനുമതി നിഷേധിക്കാൻ സർക്കാരിന് ഇനി കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
“താത്കാലിക വിലക്ക് ഉത്തരവുകൾ ഒരു നിശ്ചിത കാലാവധി വരെ മാത്രമേ നിലനിൽക്കൂ. മടങ്ങിവരാനുള്ള അനുമതിക്കായി അപേക്ഷിച്ചാൽ, നിയമപരമായി അത് നൽകാൻ രാജ്യം ബാധ്യസ്ഥരാണ്,” ടോണി ബർക്ക് വ്യക്തമാക്കി. ഇയാളുടെ തിരിച്ചുവരവ് തടയാൻ നിയമപരമായ എല്ലാ വഴികളും സർക്കാർ നോക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇയാൾ മടങ്ങിയെത്തിയാൽ രാജ്യസുരക്ഷ മുൻനിർത്തി കടുത്ത നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഭരണകൂടം അറിയിച്ചു. ഇയാൾക്ക് മേൽ ചുമത്താൻ കഴിയുന്ന ഏറ്റവും കർശനമായ നിബന്ധനകളും കടുത്ത നിരീക്ഷണ ഉപാധികളും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. ഇയാൾ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തുന്ന നിമിഷം മുതൽ കർശനമായ പോലീസ് നിരീക്ഷണത്തിലായിരിക്കും കഴിയേണ്ടി വരികയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

