ലഹരിക്കെതിരെ ഒറ്റക്കെട്ട്; ഭാവി തലമുറയെ രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിചേരുക: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: കേരളത്തെ മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കാനും ഭാവി തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും രക്ഷപ്പെടുത്താനുമുള്ള ദൗത്യത്തിൽ രാഷ്ട്രീയ-സാമൂഹിക ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ദി നർക്കോ ഹണ്ട് പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കൊച്ചി സെന്റ് തെരേസാസ് കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഒരിക്കലും ഒരു കൊളംബിയ ആകാൻ പാടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചെറുപ്പക്കാരുടെ ജീവിതം പുകച്ചു കളയേണ്ടതല്ലെന്നും ജീവിതമാണ് ലഹരി എന്ന് കണ്ട് വളരാൻ യുവത്വത്തിന് കഴിയണമെന്നും ഓർമ്മിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ കോംപ്രമൈസ് അപ്രോച്ച്’ ആയിരിക്കും സർക്കാരിന്റേത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് 18 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത് ഇതിന്റെ തെളിവാണ്. ലഹരി വിറ്റ് കാശുണ്ടാക്കുന്നവർക്ക് കേരളത്തിൽ സ്ഥാനമില്ലെന്നും ലഹരി മാഫിയയുടെ കൗണ്ട് ഡൗൺ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് ദേശീയ മാതൃകയായി മാറിയ ‘ഓപ്പറേഷൻ തൂഫാൻ’ വിജയമാക്കാൻ ഡി.ജി.പി മുതൽ കോൺസ്റ്റബിൾ വരെയുള്ള മുഴുവൻ പോലീസ് സേനയും 100 ശതമാനം ആത്മാർത്ഥതയോടെ രംഗത്തിറങ്ങും. ലഹരി വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ യാതൊരുവിധ രാഷ്ട്രീയ-വിഭാഗീയ പരിഗണനകളും ഉണ്ടാകില്ല. പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന ‘തൂഫാൻ സ്ട്രൈക്ക്’, വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള ‘തൂഫാൻ വാരിയേഴ്സ്’, ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ‘തൂഫാൻ കെയർ’ എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിൽ ‘തൂഫാൻ വാരിയേഴ്സ്’ പദ്ധതിയുടെ ആദ്യ അംബാസഡറായി നടൻ മോഹൻലാൽ സ്വയം ചുമതലയേറ്റിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

തങ്ങളുടെ ക്യാമ്പസുകളിൽ മയക്കുമരുന്ന് കയറ്റാൻ അനുവദിക്കുകയില്ല എന്ന നിശ്ചയദാർഢ്യത്തോടെ വിദ്യാർത്ഥികൾ കാവലാളാകണം. ജീവിതത്തിൽ ഡ്രഗ്സ് കൈകൊണ്ട് തൊടില്ലെന്ന സന്ദേശമാണ് ചടങ്ങിൽ ഉയർത്തിയ തൂഫാൻ ഫ്ലാഗ് നൽകുന്നത്. നഗരങ്ങളിൽ സജീവമായ സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഫുഡ്/ഹോം ഡെലിവറി ആപ്പുകളിലെ ചില ജീവനക്കാർ ഭക്ഷണത്തോടൊപ്പം മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരമുണ്ടെന്നും ഇത്തരം സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉടൻ പിന്മാറണമെന്നും അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ശക്തമായ താക്കീത് നൽകി.

കൊച്ചി നഗരത്തിന്റെ രാത്രികാല ജീവിതത്തിന് തടസമില്ലാതെയും മാഫിയകളുടെ ഭയമില്ലാതെയും ജനങ്ങൾക്ക് 24×7 സമയവും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിയുന്ന ‘ആക്റ്റീവ് ആൻഡ് റെസ്പോൺസിബിൾ നൈറ്റ് ലൈഫ്’ ഒരുക്കാൻ പോലീസ് കമ്മീഷണർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന ലഹരി മാഫിയകളെ തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം ആഭ്യന്തര മന്ത്രി ലഹരിക്കെതിരെ തൂഫാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും തൂഫാൻ വാരിയേഴ്‌സ് ബാഡ്ജിൻ്റെ വിതരണം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *