വിക്ടോറിയ: പതിനേഴുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി റെയിൽവേ ട്രാക്കിന് സമീപം തള്ളിയ കേസിൽ ഓസ്‌ട്രേലിയൻ സ്വദേശി അറസ്റ്റിൽ. ട്രക്ക് ഡ്രൈവറായ സൈമൺ കാർമാൻ (46) ആണ് തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ വെച്ച് തായ് പെൺകുട്ടിയായ തുഞ്ചനോക് ‘നോങ് കേക്ക്’ ഡോൺഹോംലയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച പട്ടായയിലെ ബീച്ച് റോഡിൽ വെച്ചാണ് ഇവർ പരിചയപ്പെടുന്നത്. തുടർന്ന് സൈമണിന്റെ ഹോട്ടൽ മുറിയിലെത്തിയ ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയാണ് തുഞ്ചനോകിന്റെ നഗ്നമൃതദേഹം റെയിൽവേ ട്രാക്കിന് സമീപമുള്ള ബാഗിനുള്ളിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം പ്രതി കറുത്ത ട്രോളി ബാഗും വലിച്ച് ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ബാഗ് തന്റെ ബൈക്കിൽ വെച്ചുകെട്ടിയാണ് ഹോട്ടലിൽ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരമുള്ള റോഡരികിൽ ഇയാൾ ഉപേക്ഷിച്ചത്. ബ്രിട്ടനിൽ ജനിച്ച സൈമൺ നിലവിൽ ഓസ്‌ട്രേലിയയിലെ പെർത്തിനും വിക്ടോറിയയ്ക്കും ഇടയിൽ മൊബൈൽ റീഫ്യുവലിംഗ് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവറാണ്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ പൊലീസിന്റെ ക്രിമിനൽ റെക്കോർഡുകളിൽ മുൻപും ഇയാൾ ഇടംപിടിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് പൊലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

