തായ്‌ലൻഡിലെ ജയിലിൽ നരകയാതന അനുഭവിച്ച് കൊലപാതക കേസ് പ്രതിയായ ഓസ്‌ട്രേലിയൻ പൗരൻ

പട്ടായ: പതിനേഴുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഓസ്‌ട്രേലിയൻ പൗരൻ തായ്‌ലൻഡിലെ ജയിലിൽ കടുത്ത ദുരിതത്തിൽ. ഓസ്‌ട്രേലിയയിലെ ബല്ലാററ്റ് സ്വദേശിയായ സൈമൺ കാർമാൻ (45) ആണ് പട്ടായയിലെ കുപ്രസിദ്ധമായ ‘സോയ് 9’ സെല്ലുകളിൽ കഴിയുന്നത്. പതിനേഴുകാരിയായ തഞ്ചനോക് ഡോൺഹോംല എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപത്തെ പുൽക്കാട്ടിൽ ഉപേക്ഷിച്ചെന്നാണ് കേസ്.

വെള്ളിയാഴ്ച രാത്രി ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് പെർത്തിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് മുൻ ട്രക്ക് ഡ്രൈവറായ കാർമാൻ പിടിയിലായത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാൾ കടുത്ത ചൂടിലും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമായ സെല്ലിലാണ് കഴിയുന്നത്. എയർ കണ്ടീഷനറോ വെന്റിലേഷനോ ഇല്ലാത്ത സെല്ലിൽ കിടക്കയോ മെത്തയോ തലയണയോ ഇല്ലാത്തതിനാൽ തറയിൽ കിടക്കേണ്ട ഗതികേടിലാണ് തടവുകാർ. ചൂട് കുറയ്ക്കാൻ അടിവസ്ത്രം മാത്രം ധരിച്ച് കോൺക്രീറ്റ് തറയിൽ കിടക്കുന്നതാണ് ഏകവഴിയെന്ന് മുൻ തടവുകാരനായ ടിം വാർഡ് പറയുന്നു.

ഭക്ഷണത്തിന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത തായ്‌ലൻഡിലെ ജയിലുകളിൽ പണം നൽകിയാലോ പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചാലോ മാത്രമേ ഭക്ഷണം ലഭിക്കൂ. കുളിക്കാൻ സൗകര്യമില്ലാത്തതിനാൽ ഒരു ബക്കറ്റ് വെള്ളം ഉപയോഗിച്ചാണ് തടവുകാർ കുളിക്കുന്നത്. ഇയാൾക്ക് നേരെ മറ്റ് തടവുകാരിൽ നിന്ന് ആക്രമണ സാധ്യതയുണ്ടെന്നും, രോഗമോ പോഷകാഹാരക്കുറവോ അല്ലാതെ മറ്റ് തടവുകാരുടെ ആക്രമണം ഇയാളുടെ ജീവനെടുക്കാൻ സാധ്യതയുണ്ടെന്നും ടിം വാർഡ് മുന്നറിയിപ്പ് നൽകുന്നു. തായ്‌ലൻഡിലെ നിയമനടപടികളുടെ ഭാഗമായി, കൊലപാതകം നടന്ന സ്ഥലത്ത് പ്രതിയെ കൊണ്ടുപോയി പോലീസ് കുറ്റകൃത്യം പുനരാവിഷ്കരിക്കും. ഈ ആഴ്ച നടക്കുന്ന ആദ്യ കോടതി ഹാജരാകലിനായി കാർമാൻ കാത്തിരിക്കു കയാണ്. ഓസ്‌ട്രേലിയൻ കോൺസുലേറ്റിൽ നിന്ന് ഇയാൾക്ക് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *