ഗോവയിൽ 700 കോടി രൂപയുടെ എഥനോൾ നിർമാണശാല; ഹരിത ഊർജ മേഖലയ്ക്ക് കരുത്തേകും

കൊച്ചി: രാജ്യത്തെ ഹരിത ഊർജ ഉൽപ്പാദനത്തിന് കൂടുതൽ കരുത്തേകുന്ന പദ്ധതിയായി ഗോവയിൽ 700 കോടി രൂപയുടെ ധാന്യാധിഷ്ഠിത എഥനോൾ നിർമാണശാല സ്ഥാപിക്കുന്നു. ബയോഎനർജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, എൻജിനിയറിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാങ്കേതിക പിന്തുണയോടെ സെൻട്രിയൽ ബയോഫ്യുവൽസ് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.

ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യാധിഷ്ഠിത എഥനോൾ പദ്ധതികളിലൊന്നായി വിലയിരുത്തപ്പെടുന്ന പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ ഏകദേശം 1,000 പേർക്ക് നേരിട്ടും 3,000-ത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

പ്ലാന്റിനാവശ്യമായ ധാന്യങ്ങളും മറ്റ് അസംസ്കൃത വസ്തുക്കളും ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുക. പ്ലാന്റിന് ചുറ്റുമുള്ള 200 കിലോമീറ്റർ പരിധിയിൽ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച പഠനങ്ങൾ പൂർത്തിയായതായി സെൻട്രിയൽ ബയോഫ്യുവൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ അറിയിച്ചു.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ലോജിസ്റ്റിക്സ്, കാർഷികം, ഗതാഗതം, എൻജിനിയറിങ്, സേവന മേഖലകൾ ഉൾപ്പെടെ വിവിധ അനുബന്ധ വ്യവസായങ്ങളിലും പുതിയ തൊഴിൽ സാധ്യതകൾ വർധിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *