തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനബിൽ നിയമസഭ പാസാക്കി. ഇതോടെ 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾക്ക് പ്രത്യേക നികുതി നിരക്ക് ഏർപ്പെടുത്തുന്ന വ്യവസ്ഥയ്ക്ക് നിയമസഭയുടെ അംഗീകാരം ലഭിച്ചു. ഇതുസംബന്ധിച്ച ബജറ്റ് നിർദേശമാണ് ധനബില്ലിലൂടെ പ്രാബല്യത്തിൽ വന്നത്.
ധനബിൽ പ്രകാരം 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങൾക്ക് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ളവയ്ക്ക് 175 ശതമാനവും നികുതി ബാധകമാകും. നേരത്തെ ഈ വിഭാഗം പാനീയങ്ങൾക്കുണ്ടായിരുന്ന ഉയർന്ന നികുതി നിരക്കിൽ നിന്നുള്ള കുറവാണ് ഇത്.
വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾക്കുള്ള നികുതി ഇളവ് സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും കോൺഗ്രസിലെ ഒരു വിഭാഗവും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ നികുതി ഘടനയ്ക്ക് അംഗീകാരം ലഭിച്ചതുകൊണ്ട് മാത്രം ഇത്തരം പാനീയങ്ങളുടെ വിൽപ്പനയ്ക്ക് ഉടൻ അനുമതിയെന്നില്ലെന്നും, അന്തിമ തീരുമാനം വരാനിരിക്കുന്ന മദ്യനയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.

