ഭൂചലനത്തിന് പിന്നാലെ കാരക്കാസിൽ ചുവപ്പണിഞ്ഞ ആകാശം; ശാസ്ത്രീയ വിശദീകരണവുമായി വിദഗ്ധർ

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ചൊവ്വാഴ്ച വൈകുന്നേരം ആകാശം അസാധാരണമായി കടുംചുവപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ടത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കി. കഴിഞ്ഞ ആഴ്ച രാജ്യത്തെ ബാധിച്ച ശക്തമായ ഭൂചലനങ്ങളുമായി ഈ പ്രതിഭാസത്തിന് ബന്ധമുണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായെങ്കിലും, അത് തെറ്റായ നിഗമനമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

വിദഗ്ധരുടെ വിശദീകരണമനുസരിച്ച്, സൂര്യാസ്തമയസമയത്ത് അന്തരീക്ഷത്തിലെ പൊടി, ഈർപ്പം, മൂടൽമഞ്ഞ് തുടങ്ങിയ സൂക്ഷ്മകണങ്ങളിൽ സൂര്യപ്രകാശം പ്രത്യേക രീതിയിൽ ചിതറുന്നതിലൂടെ രൂപപ്പെടുന്ന ‘കാൻഡിലാസോ’ (Candilazo) എന്ന സ്വാഭാവിക അന്തരീക്ഷ പ്രതിഭാസമാണ് ആകാശത്തിന് കടുംചുവപ്പ് നിറം നൽകിയത്. ഭൂചലനമോ മറ്റ് ഭൂഗർഭ പ്രതിഭാസങ്ങളോ ഇതിന് കാരണമല്ലെന്നും അവർ വ്യക്തമാക്കി.

കാരക്കാസിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധേയമായത്. ഭൂചലനബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെയായിരുന്നു ഈ അപൂർവ ദൃശ്യം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *