സിന്ധു നദീജല കരാർ;ഇന്ത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നീക്കങ്ങൾ ശക്തമാക്കി പാകിസ്താൻ

ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരെ പാകിസ്താൻ ആഗോള തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ കരാർ റദ്ദാക്കിയതോടെ കടുത്ത പ്രതിസന്ധിയിലായ പാകിസ്താൻ, അന്താരാഷ്ട്ര സമൂഹത്തെയും നിയമ സംവിധാനങ്ങളെയും സമീപിച്ച് സമ്മർദ്ദം ചെലുത്താനാണ് പദ്ധതിയിടുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്ന് ഇന്ത്യക്കെതിരെ പുതിയ നയതന്ത്ര തന്ത്രങ്ങൾ ആവിഷ്കരിച്ചതായാണ് റിപ്പോർട്ടുകൾ.

അടുത്തിടെയുണ്ടായ പഹൽഗാം ഭീകരാക്രമണമുൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ചത്. ഇന്ത്യയുടെ ഈ തീരുമാനത്തെ തുടർന്ന്, തങ്ങളുടെ ജലവിഹിതം തടയുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ ഭീഷണി മുഴക്കിയിരുന്നു. ഇതിനുപുറമെയാണ് വിഷയത്തിൽ ആഗോള പിന്തുണ ഉറപ്പാക്കുന്നതിനായി ‘ഗ്ലോബൽ വാട്ടർ ഡിപ്ലോമസി സ്ട്രാറ്റജി’ എന്ന പേരിൽ ഒരു പുതിയ അന്താരാഷ്ട്ര ക്യാമ്പയിന് പാകിസ്താൻ രൂപം നൽകുന്നത്.

ലോകബാങ്ക്, ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ), പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കെതിരെ നിയമപോരാട്ടം നടത്താനാണ് ഇസ്ലാമാബാദിന്റെ നിലവിലെ നീക്കം. ഇന്ത്യ തങ്ങൾക്കെതിരെ ‘ജല ഭീകരവാദം’ പ്രയോഗിക്കുന്നു എന്നാരോപിച്ച് വിദേശ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കാനും പാകിസ്താൻ ലക്ഷ്യമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *