ചങ്ങരംകുളത്ത് അഞ്ചര പതിറ്റാണ്ടായി വെളിച്ചം പരത്തി കുഞ്ഞിപ്പ; 68-ാം വയസ്സിലും വിശ്രമമില്ലാതെ ഈ നാടിന്റെ സ്വന്തം ‘മാമാണിക്ക’

ചങ്ങരംകുളം: മലപ്പുറം ജില്ലയിലെ ആലംകോട് ‘മാമാണിപ്പടി’ എന്ന സ്ഥലപ്പേരിന് പിന്നിലെ കഥ തിരഞ്ഞുപോയാൽ ചങ്ങരംകുളം ടൗണിൽ അഞ്ചര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഒരു ചെറിയ കടയിലെത്താം. കഴിഞ്ഞ 55 വർഷമായി ടോർച്ചും ലൈറ്റും വിളക്കും കുടയുമെല്ലാം നന്നാക്കി നൽകുന്ന, ചങ്ങരംകുളത്തുകാരുടെ സ്വന്തം കുഞ്ഞിപ്പക്കാന്റെ കടയാണത്. പ്രായം 68 കഴിഞ്ഞെങ്കിലും കുഞ്ഞിപ്പയും അദ്ദേഹത്തിന്റെ ഈ വ്യാപാരസ്ഥാപനവും ഇപ്പോഴും ഒരു പ്രദേശത്തിന്റെ പ്രധാന അടയാളമാണ്.

ആലംകോട് സ്വദേശിയായ കടയാളത്ത് മരക്കാർ എന്ന കുഞ്ഞിപ്പയുടെ പിതാവിന്റെ പേരാണ് മാമാണി. 40 വർഷം മുൻപാണ് പിതാവ് മരണപ്പെട്ടത്. 75 വർഷം മുൻപ് പിതാവ് തുടക്കമിട്ട ഈ തൊഴിൽ, തന്റെ 13-ാം വയസ്സുമുതൽ കുഞ്ഞിപ്പ ഏറ്റെടുക്കുകയായിരുന്നു. പിതാവിന്റെ മരണശേഷമാണ് ആലംകോട് പ്രദേശത്തെ പ്രധാന ജംഗ്ഷൻ അദ്ദേഹത്തിന്റെ പേരിൽ ‘മാമാണിപ്പടി’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. പുതിയ തലമുറയിലെ പലർക്കും കുഞ്ഞിപ്പയാണ് ഈ മാമാണിയുടെ മകനെന്ന് അറിയില്ല. ചിലർ കുഞ്ഞിപ്പയെ ‘മാമാണിക്ക’ എന്ന് വിളിക്കുമ്പോഴും അദ്ദേഹം അത് തിരുത്താറുമില്ല.

നീണ്ട 55 വർഷത്തെ തൊഴിൽ ജീവിതത്തിൽ പാനീസ് വിളക്കുകളും റാന്തൽ വിളക്കുകളും നിർമ്മിക്കുകയും നന്നാക്കുകയും ചെയ്തുകൊണ്ടായിരുന്നു കുഞ്ഞിപ്പയുടെ തുടക്കം. പിന്നീട് പെട്രോമാക്സിലേക്കും മണ്ണെണ്ണ വിളക്കുകളിലേക്കും തിരിഞ്ഞു. ഗൾഫിൽ നിന്നെത്തുന്ന വലിയ ബാറ്ററി ടോർച്ചുകൾ, ഫ്ലാസ്ക്, കൃഷിക്ക് മരുന്നടിക്കുന്ന കുറ്റികൾ, ഗ്യാസ് ലൈറ്റുകൾ, മണ്ണെണ്ണ അടുപ്പുകൾ എന്നിവയെല്ലാം നന്നാക്കാൻ പ്രദേശവാസികൾക്ക് ഒരേയൊരു ആശ്രയമേ ഉണ്ടായിരുന്നുള്ളൂ—അത് കുഞ്ഞിപ്പയായിരുന്നു. കാലം മാറി പുതുതലമുറ ഇലക്ട്രോണിക് യുഗത്തിലേക്ക് മാറിയപ്പോഴും കുഞ്ഞിപ്പയും കാലത്തിനൊപ്പം സഞ്ചരിച്ചു. ഇലക്ട്രോണിക് ലൈറ്റുകളും ആധുനിക കുടകളും ഗ്യാസ് അടുപ്പുകളുമെല്ലാം അദ്ദേഹം തനിമ ചോരാതെ നന്നാക്കാൻ തുടങ്ങി.

ഇന്ന് മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുപോലും നിരവധി ആളുകളാണ് തകരാറിലായ ഉപകരണങ്ങളുമായി കുഞ്ഞിപ്പയെ തേടിയെത്തുന്നത്. ടൗണിൽ ആധുനിക സൗകര്യങ്ങളുള്ള ഹൈടെക് കെട്ടിടങ്ങൾ ഉയരുമ്പോഴും കുഞ്ഞിപ്പയുടെ ഈ കൊച്ചുകടയ്ക്ക് മാത്രം മാറ്റമൊന്നുമില്ല. അഞ്ചര പതിറ്റാണ്ടുകാലത്തെ തൊഴിൽ ജീവിതത്തിനിടയിൽ കോവിഡ് പ്രതിസന്ധി മാത്രമാണ് അദ്ദേഹത്തെ അല്പമെങ്കിലും തളർത്തിയത്, എന്നാൽ ആ മഹാമാരിയെയും അദ്ദേഹം അതിജീവിച്ചു.

ഇപ്പോൾ മഴക്കാലമായതോടെ കുഞ്ഞിപ്പയുടെ കടയിൽ തിരക്കേറിയിരിക്കുകയാണ്. കുട നന്നാക്കാൻ എത്തുന്നവരുടെ വലിയ കൂട്ടമാണ് കടയ്ക്ക് മുന്നിലുള്ളത്. ഏത് വലിയ കമ്പനിയുടെ കുടയാണെങ്കിലും ഒരു ചായ കുടിച്ചു വരുമ്പോഴേക്കും കുഞ്ഞിപ്പ അത് റെഡിയാക്കി നൽകും. കയ്യിൽ പൈസയില്ലെന്ന് കരുതി ആരും കുട നന്നാക്കാതെ മടങ്ങേണ്ടതില്ലെന്നും, പണം പിന്നീട് തന്നാൽ മതിയെന്നും പറയുന്ന കുഞ്ഞിപ്പയുടെ കാരുണ്യവും ലാളിത്യവുമാണ് അദ്ദേഹത്തെ ഈ നാടിന് പ്രിയപ്പെട്ടവനാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *