പൂനെ: വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും നാല് മാസം മുൻപ് രഹസ്യമായി വിവാഹിതരായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സാമൂഹിക സാഹചര്യങ്ങളും കുടുംബത്തിന്റെ പ്രതിച്ഛായയും കണക്കിലെടുത്താണ് രഹസ്യവിവരം മറച്ചുവെച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, കേതനുമായുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങൾ കുടുംബങ്ങൾ തുടർന്നിരുന്നു. ഇതിന്റെ ഭാഗമായി ജയ്പൂരിലെ കൊട്ടാരം ബുക്ക് ചെയ്യുകയും വിവാഹച്ചടങ്ങുകൾക്കായുള്ള വിപുലമായ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നാണ് വിവരം.
ലോഹഗഡ് കോട്ടയിൽനിന്ന് കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് സിയ ഗോയലിനും ചേതൻ ചൗധരിക്കുമെതിരായ കേസ്. ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ, ഫോൺവിളി രേഖകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണം തുടരുകയാണ്.

