കൊൽക്കത്ത: പടിഞ്ഞാറൻ ബംഗാളിലെ ബാരൂയിപൂരിൽ പന്ത്രണ്ടുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ തെളിവെടുപ്പിനിടെ മുഖ്യപ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. കേസിൽ ആദ്യം അറസ്റ്റിലായ പ്രഭാസ് മൊണ്ടാലാണ് ബുധനാഴ്ച പുലർച്ചെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ സൂര്യപൂരിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇയാൾ പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബാരൂയിപൂർ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ആത്മരക്ഷാർത്ഥം പോലീസ് തിരിച്ചു വെടിവെച്ചപ്പോഴാണ് പ്രഭാസിന് പരിക്കേറ്റത്. ഉടൻ തന്നെ ഇയാളെ ബാരൂയിപൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് ഒരു ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കുളത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിൽ ചെളി നിറഞ്ഞ വെള്ളം കണ്ടെത്തിയതാണ് കുളത്തിലേക്ക് എറിയുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും തലയ്ക്ക് പിന്നിൽ മാരകമായ പരിക്കുകളും ഉണ്ടായിരുന്നു.
ഈ അതിക്രൂരമായ സംഭവം ബംഗാളിൽ വലിയ തോതിലുള്ള ജനരോഷത്തിനും കനത്ത പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. പ്രകോപിതരായ നാട്ടുകാർ പോലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ടയറുകൾ കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. കൂടാതെ, സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന നാലാമതൊരു പ്രതിയെ ഞായറാഴ്ച ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.
പ്രതി പ്രഭാസ് മൊണ്ടാലിനെ പെൺകുട്ടിയോടൊപ്പം അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്തത്. പ്രഭാസ് ഉൾപ്പെടെ മൂന്ന് പ്രതികളാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പുലർച്ചെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് തീരുമാനിച്ചത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് എൻകൗണ്ടർ ഉണ്ടായത്. ബംഗാളിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പോലീസ് എൻകൗണ്ടറാണിത്.

