കൊച്ചി: കൊച്ചി തുറമുഖത്തെ ആസ്ഥാനമാക്കി രാജ്യാന്തര ക്രൂയിസ് സർവീസുകൾ ഒക്ടോബർ 25 മുതൽ ആരംഭിക്കും. കേരളത്തെ ക്രൂയിസ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബഹാമാസിൽ രജിസ്റ്റർ ചെയ്ത കോർഡെലിയ എംപ്രസ് കമ്പനിയാണ് സർവീസുകൾ നടത്തുന്നത്.
പുതിയ സീസണിൽ ആകെ 64 സർവീസുകളാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ രാജ്യാന്തര ക്രൂയിസ് കപ്പലുകളുടെ ഇടത്താവളമായിരുന്ന കൊച്ചി തുറമുഖത്തുനിന്ന് സർവീസുകൾ ആരംഭിക്കുന്നത് ആദ്യമായാണെന്ന് കൊച്ചിൻ പോർട്ട് സീനിയർ ഡെപ്യൂട്ടി ട്രാഫിക് മാനേജർ അനിൽകുമാർ അറിയിച്ചു.
കൊച്ചിയിൽനിന്ന് പുറപ്പെട്ട് മാലിദ്വീപിലെ മാലെയും ശ്രീലങ്കയിലെ കൊളംബോയും സന്ദർശിച്ച് വീണ്ടും കൊച്ചിയിലെത്തുന്ന അഞ്ച് രാത്രികളുള്ള സർവീസാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ഞായറാഴ്ച പുറപ്പെടുന്ന കപ്പൽ വെള്ളിയാഴ്ച തിരിച്ചെത്തും. കൂടാതെ, കടലിലെ വാരാന്ത്യ യാത്ര ആസ്വദിക്കാൻ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ മടങ്ങിയെത്തുന്ന രണ്ട് രാത്രികളുള്ള വീക്കൻഡ് ക്രൂയിസ് സർവീസും ഒരുക്കിയിട്ടുണ്ട്.
210 മീറ്റർ നീളവും 11 ഡെക്കുകളുമുള്ള ‘എംപ്രസ്’ കപ്പലാണ് ഇരു സർവീസുകൾക്കും ഉപയോഗിക്കുന്നത്. പദ്ധതി വിജയകരമായാൽ ഭാവിയിൽ കൊച്ചിയിൽനിന്ന് കൂടുതൽ രാജ്യാന്തര ക്രൂയിസ് സർവീസുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

