ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയം (MEA) ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെയാണ് വിളിച്ചുവരുത്തിയത്.
സംഭവത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതിലും ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർന്നതിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതായും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിനും ഊർജവിതരണത്തിനും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന ആശങ്കയും ഇന്ത്യ അറിയിച്ചു. ഇന്ത്യൻ നാവികരുടെയും ഇന്ത്യയുമായി ബന്ധപ്പെട്ട കപ്പലുകളുടെയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

