തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ സ്മാർട്ടായി നവീകരിച്ച ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും സുതാര്യമായും തീർപ്പാക്കുന്നതിന് കളക്ടറേറ്റിലെ പൊതുജനപരാതി പരിഹാരസെൽ ഏറെ പ്രയോജനപ്രദമാണെന്നും, ഏത് സംരംഭമായാലും അത് ജനങ്ങൾക്ക് ഉപകരിക്കുകയെന്നതാണ് പ്രധാനമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എ.പി അനിൽകുമാർ ചൂണ്ടിക്കാട്ടി.
ആധുനികവത്കരണത്തിന്റെ ഈ കാലഘട്ടത്തിൽ പരാതികൾ ഒട്ടും കാലതാമസം കൂടാതെ തീർപ്പാക്കാൻ എ.ഐ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് അധ്യക്ഷപ്രസംഗത്തിൽ മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് കളക്ടറേറ്റിലെ പുതിയ ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും സജ്ജമാക്കിയത്. 2023-24 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീം സ്മാർട്ട് റവന്യൂ ഓഫീസുകൾ പദ്ധതി പ്രകാരം പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഇവയുടെ നവീകരണം പൂർത്തിയാക്കിയത്. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്.ദിനേശൻ, ജില്ലാ കളക്ടർ അനു കുമാരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ.എ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം എന്നിവരും കളക്ടറേറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു

