കോഴിക്കോട്: കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിന് പ്രൗഢോജ്ജ്വലമായ തുടക്കം. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ അന്താരാഷ്ട്ര മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി നാടൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച വണ്ടി പൂട്ട് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പരമ്പരാഗത ശൈലിയിൽ നടന്ന ആവേശകരമായ മത്സരങ്ങൾ കാണാൻ നൂറുകണക്കിന് കായിക പ്രേമികളാണ് എത്തിയത്. വരും ദിവസങ്ങളിൽ കയാക്കിംഗ് ഉൾപ്പെടെയുള്ള വിവിധ സാഹസിക ജലവിനോദ മത്സരങ്ങൾ മേളയുടെ ഭാഗമായി നടക്കും. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ വർഷത്തെ ഫെസ്റ്റിവലെന്ന് സംഘാടകർ അറിയിച്ചു.

